മലയാളികൾക്ക് കാഴ്ച്ചവിരുന്നൊരുക്കി കാര്യവട്ടത്ത് കോഹ്ലിയുടെയും ഗില്ലിന്റെയും വെടിക്കെട്ട്. ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ 390 റൺസ് നേടിയപ്പോൾ 110 പന്തിൽ 166 റൺസുമായി കോഹ്ലി തിളങ്ങി. 13 ഫോറും 8 സിക്‌സും അടങ്ങുന്നതുമായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. 16ആം ഓവറിൽ ക്രീസിൽ എത്തിയ കോഹ്ലി അവസാനം വരെ പുറത്താകാതെ നിന്നു. ഈ സീരീസിലെ രണ്ടാം സെഞ്ചുറിയാണിത്.
കോഹ്ലിയെ കൂടാതെ ഗിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 97 പന്തിൽ നിന്ന് 116 റൺസ് നേടി. 14 ഫോറും 2 സിക്സുമാണ് അടിച്ചു കൂട്ടിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ (49 പന്തിൽ 42), ശ്രേയസ് അയ്യർ (32 പന്തിൽ 38) എന്നിവരും ഇന്ത്യക്കായി സ്കോർ ചെയ്തു.
അവസാന ഓവറുകളിൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നാല് പന്തിൽ നാല് റൺസെടുത്ത് മടങ്ങി. കെ എൽ രാഹുൽ ആറ് പന്തിൽ ഏഴ് റൺസെടുത്തു. അക്സർ പട്ടേൽ രണ്ട് റൺസുമായി പുറത്താകാതെ നിന്നു. ശ്രിലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര, കസുന്‍ രജിത എന്നിവര്‍ രണ്ടും ചാമിക കരുണരത്നെ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിനിടെ പന്ത് കയ്യിൽ കിട്ടിയ ആരാധകൻ സെൽഫി എടുത്ത് ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കോഹ്ലി പറത്തിയ സിക്സ് ഗ്യാലറിയിലാണ് ചെന്ന് വീണത്. പിന്നാലെ പന്ത് എടുത്ത് നൽകാൻ പോയ ആരാധകൻ പന്ത് കയ്യിൽ പിടിച്ച് ഫോട്ടോ എടുത്താണ് നൽകിയത്.