രണ്ടാം ഏകദിനത്തിലും ആധികാരികമായി 8 വിക്കറ്റ് ജയവുമായി ഇന്ത്യ കളം നിറഞ്ഞു കളിച്ചപ്പോൾ കിവീസിനെതിരായ 3 മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസിനെ വെറും 108 റൺസിന് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടു, ചെറിയ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (51) പുറത്താകാതെ 40* റൺസ് എടുത്ത് ഗില്ലും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ വീഴ്ത്തിക്കൊണ്ട് മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ വന്ന ബാറ്റർമാരെ നിലയുറപ്പിക്കുന്നതിന് മുന്നേ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ കിവീസ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 15/5 എന്ന നിലയിൽ ആയ കിവീസിനെ, ഗ്ലെൻ ഫിലിപ്സ് (36) മിച്ചൽ സാൻട്നർ (27) ബ്രേസ് വെൽ (22) എന്നിവർ നേടിയ റൺസിന്റെ പിൻബലത്തിലാണ് 100 റൺസ് എങ്കിലും കടന്നത്, ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ബ്രേസ് വെൽ എറിഞ്ഞ ഇരുപതാമത്തെ ഓവറിൽ റിവേഴ്‌സ് സ്വീപ്പിലൂടെ ഇഷാൻ കിഷൻ നേടിയ ബൗണ്ടറി മനോഹരമായ ഒരു ഷോട്ട് ആയിരുന്നു, ബുദ്ധിമുട്ടേറിയ ഇത്തരം ഷോട്ടുകൾ വളരെ അനായാസം കളിക്കാൻ കഴിവുള്ള താരമാണ് ഇഷാൻ കിഷൻ, സാൻട്നർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മിഡ് ഓണിലേക്ക് ബൗണ്ടറി പായിച്ച് ഗിൽ ഇന്ത്യയുടെ വിജയ റൺ നേടുകയും ചെയ്തു.