Categories
Cricket Latest News

രാജകുമാരൻ പിറകെ ഉണ്ട് !ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച ടോട്ടൽ. സെഞ്ചുറി നേടിയ ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയുടെയും ശുഭ്മൻ ഗില്ലിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് നേടിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ, പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. എങ്കിലും ഇന്നത്തെ മത്സരം കൂടി വിജയിച്ച് പരമ്പര തൂത്തുവാരാനായാൽ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. മറിച്ച് ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട്‌ ഒന്നാം റാങ്ക് നഷ്ടമായ കിവീസ്, ഒരു ആശ്വാസജയം തേടുകയാണ്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാതം ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ ഹെൻറി ഷിപ്ലിക്ക്‌ പകരം ജേക്കബ് ഡഫി ഇടം പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഓസ്ട്രേലിയയുമായി അടുത്ത മാസം നടക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി, ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പേസർമാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ടീം മാനേജ്മെന്റ് വിശ്രമം നൽകി. ഇവർക്ക് പകരം സ്പിന്നർ ചാഹലും പേസർ ഉമ്രാൻ മാലിക്കും ടീമിൽ ഇടംനേടി.

മത്സരത്തിൽ ആദ്യ വിക്കറ്റിൽ 212 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ഇന്ത്യക്ക് പിന്നീട് അതേ മികവിൽ ബാറ്റിംഗ് നടത്താൻ കഴിഞ്ഞില്ല. രോഹിത് 101 റൺസും ഗിൽ 112 റൺസും എടുത്ത് പുറത്തായശേഷം എത്തിയ കോഹ്‌ലി 36 റൺസിൽ മടങ്ങി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 54 റൺസ് എടുത്ത പാണ്ഡ്യയും 25 റൺസ് എടുത്ത താക്കൂറും ചേർന്ന കൂട്ടുകെട്ട് അവസാന ഓവറുകളിൽ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. കിവീസ് നിരയിൽ ജേക്കബ് ദഫിയും ബ്ലൈർ ടിക്ക്‌നെറും 3 വിക്കറ്റ് വീതം വീഴ്ത്തി.

112 റൺസ് എടുത്ത് ഇന്ന് ഇന്ത്യയുടെ ടോപ് സ്കോററായ യുവഓപ്പണർ ശുഭ്മൻ ഗിൽ ഒരുപറ്റം റെക്കോർഡുകൾ ഇന്ന് സ്വന്തം പേരിലാക്കിയിരുന്നു. 3 മത്സരങ്ങൾ അടങ്ങുന്ന ഒരു ഏകദിനപരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള റെക്കോർഡിൽ പാക്ക് നായകൻ ബാബർ അസമിനൊപ്പം ഗിൽ എത്തിയിരുന്നു. 2016ൽ വെസ്റ്റിൻഡീസ് ടീമിനെതിരെ നടന്ന പരമ്പരയിലാണ്‌ ബാബർ 360 റൺസ് നേടിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരട്ടസെഞ്ചുറിയും രണ്ടാം മത്സരത്തിൽ പുറത്താകാതെ 40 റൺസും എടുത്ത ഗിൽ, ഇന്നത്തെ സെഞ്ചുറി(112) ഉൾപ്പെടെ പരമ്പരയിൽ 360 റൺസ് തികച്ചു.

Leave a Reply

Your email address will not be published. Required fields are marked *