ഇന്നലെ റാഞ്ചിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ 21 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അച്ചടക്കമില്ലാതെ പന്തെറിഞ്ഞ പേസർമാരും കളി മറന്ന ടോപ് ഓർഡർ ബാറ്റർമാരും കൂടിയായപ്പോൾ ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ തോൽവി പൂർണമായി. അതും തങ്ങൾക്ക് മികച്ച റെക്കോർഡുള്ള സ്വന്തം മണ്ണിൽ തന്നെ ലഭിച്ച പരാജയം കല്ലുകടിയായി. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിക്കും.
ഇന്നലെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ്, ഓപ്പണർമാരുടെ മികച്ച പ്രകടനവും മധ്യനിരയിൽ ഓൾറൗണ്ടർ ഡാരിൽ മിച്ചലിന്റെ പുറത്താകാതെ നേടിയ 59 റൺസ് പോരാട്ടവും വഴി, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ്, ശിവം മാവി, അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
177 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 3 ഓവറിനുള്ളിൽ തന്നെ 3 വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ, 47 റൺസ് എടുത്ത സൂര്യയും 21 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ചേർന്നെടുത്ത 68 റൺസ് കൂട്ടുകെട്ട് ഉണ്ടായെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. ഇരുവരും പുറത്തായശേഷം എത്തിയ വാഷിങ്ടൺ സുന്ദർ ഒറ്റയാൾ പോരാട്ടത്തിലൂടെ 28 പന്തിൽ 50 റൺസ് നേടിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ പേസർ അർഷദീപ് സിംഗ് എറിഞ്ഞ ഇരുപതാം ഓവറിൽ 27 റൺസാണ് പിറന്നത്. ഇന്ത്യ വെറും 21 റൺസിനാണ് പരാജയപ്പെട്ടത് എന്നോർക്കുമ്പോൾ ഈ ഓവറിന്റെ പ്രാധാന്യം മനസ്സിലാകും. 19ആം ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് സ്കോർ 149/6 എന്നതായിരുന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഡാറിൽ മിച്ചൽ. ആദ്യ പന്തിൽ തന്നെ അദ്ദേഹം ലോങ് ഓണിലേക്ക് സിക്സ് പായിച്ചു. ഇന്ത്യയുടെ കഷ്ടകാലത്തിന് അതൊരു നോബോൾ കൂടിയായിരുന്നു.
തനിക്ക് ലഭിച്ച ഫ്രീഹിറ്റ് പന്തിലും മിച്ചൽ സിക്സ് നേടി, ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക്. ഓവറിലെ രണ്ടാം പന്തിൽ വീണ്ടും ലോങ് ഓണിലേക്ക് 86 മീറ്റർ സിക്സ്! മൂന്നാം പന്തിൽ ബൗണ്ടറി കൂടി നേടിയതോടെ 3 പന്തിൽ 23 റൺസ്! അന്നേരം നായകൻ ഹാർദിക് പാണ്ഡ്യ കളിക്കളത്തിൽ വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. നാലാം പന്തിൽ റൺ ഒന്നും വഴങ്ങാതെയിരുന്ന സിംഗ്, അവസാന രണ്ട് പന്തുകളിലും ഡബിൾ കൂടി വഴങ്ങിയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.