അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിട്ടുണ്ട്. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്. ഗില്ലും, 17 പന്തിൽ 30 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ചേർന്ന് നാലാം വിക്കറ്റിൽ 103 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 63 പന്തിൽ 126* റൺസ് എടുത്ത ഗിൽ, ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ട്വന്റി ട്വന്റി സ്കോറും സ്വന്തം പേരിലാക്കി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചാണെന്ന സൂചന ലഭിച്ചതുകൊണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ ചഹലിന് പകരം പേസർ ഉമ്രാൻ മാലിക്കിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡ് നിരയിലും ഒരു മാറ്റം വരുത്തിയിരുന്നു. ജേക്കബ് ദഫിക്ക് പകരം ഇടം കയ്യൻ പേസർ ബെൻ ലിസ്റ്ററിന് ട്വന്റി ട്വന്റി അരങ്ങേറ്റമത്സരം ലഭിച്ചു.
ഇന്നിങ്സിന്റെ രണ്ടാം ഓവറിൽതന്നെ ഓപ്പണർ ഇഷാൻ കിഷനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, ശുഭ്മൻ ഗിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. ത്രിപാഠി ആയിരുന്നു കൂടുതൽ അപകടകാരി. 22 പന്തിൽ നിന്നും 4 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. അതിനുശേഷം എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസോടെ മടങ്ങി. പിന്നീട് എത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയെ കാഴ്ചക്കാരനാക്കി നിർത്തി ഗിൽ അടി തുടങ്ങി.
പേസർ ബ്ലായർ ടിക്ക്‌നാർ എറിഞ്ഞ പതിനേഴാം ഓവറിലാണ് അദ്ദേഹം വിശ്വരൂപം പൂണ്ടത്. ആദ്യ പന്തിൽ തന്നെ ഒറ്റക്കൈകൊണ്ട് പന്ത് ഗാലറിയിൽ എത്തിച്ച ഗിൽ, രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർക്കും ഷോർട്ട് തേർഡ്മാനും ഇടയിലൂടെ മികച്ചൊരു പ്ലേസ്മെന്റ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി. മൂന്നാം പന്തിൽ റൺ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കിടിലൻ പുൾ ഷോട്ട് സിക്സ്. അതോടെ 80 റൺസിൽ നിന്നിരുന്ന അദ്ദേഹം 3 പന്തുകൾ കൊണ്ട് 96ൽ എത്തി. പതിനെട്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി കന്നി ട്വന്റി ട്വന്റി സെഞ്ചുറി നേട്ടവും പൂർത്തിയാക്കി.
വീഡിയോ :