ബോർഡർ ഗവാസ്ക്കർ ട്രോഫിക്ക് ഇന്ന് തുടക്കമായി. ഇന്ത്യ-ഓസ്ട്രേലിയ ആദ്യ മത്സരം നാഗ്പൂരിൽ തുടങ്ങി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ കളിക്കുവാനായി ഇന്ത്യയ്ക്ക് സീരിസ് വിജയം അനിവാര്യമാണ്. ഇന്ത്യയുടെ എതിരാളികളായ ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഇനി ഒരു സ്ഥാനം മാത്രമാണ് ബാക്കി. അതിനുള്ള പോരാട്ടം എന്നുള്ള രീതിയിലും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് എന്നുള്ള രീതിയിലും ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സീരിസിന് ആണ് ഇന്ന് തുടക്കം ആയിരിക്കുന്നത്.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ സമീപകാല ടെസ്റ്റുകളിൽ ഗംഭീര ഫോമിലുള്ള റിഷാബ് പന്ത് ടീമിൽ ഇല്ലാത്ത ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ ഇന്ന് കെ എസ് ഭരത് ആണ്. ഓസ്ട്രേലിയക്കായി ടോഡ് മർഫി ഇന്ന് അരങ്ങേറ്റം കുറിക്കുന്നുണ്ട്. ടോഡിനെ കൂടാതെ നദാൻ ലിയോൺ ആണ് ടീമിലുള്ള മറ്റു സ്പിന്നർ. ഓസ്ട്രേലിയയുടെ സ്റ്റാർ ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെസൽവുഡ് എന്നിവർ പരിക്കു കാരണം കളിക്കുന്നില്ല.
കെ.എസ് ഭരത്തിനു പുറമേ ഇന്ത്യക്കായി സൂര്യകുമാർ യാദവും ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നു. മൂന്നു സ്പിന്നർമാർ ആണ് ഇന്ത്യൻ ടീമിൽ ഉള്ളത്. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ഇന്ന് കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. ജഡേജ ടീമിൽ ഉള്ളത് ഇന്ത്യയ്ക്ക് വലിയ കരുത്തേക്കും എന്നാണ് പ്രതീക്ഷ. രവിചന്ദ്രൻ അശ്വിനും അക്സർ പട്ടേലുമാണ് ടീമിലുള്ള മറ്റ് സ്പിന്നർമാർ. ശുഭ്മാൻ ഗില്ലും കുൽദീപ് യാദവും കളിക്കുന്നില്ല. കെ എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്കായി ഓപ്പണിങ്ങിന് ഇറങ്ങും.
ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയക്ക് തുടക്കം തന്നെ തകർച്ചയോടെയാണ്. രണ്ടാം ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ മികച്ച ഫോമിലുള്ള ബാറ്റ്സ്മാൻ ആയ ഉസ്മാൻ ക്വാജയെ ഓസ്ട്രേലിയക്ക് നഷ്ടമായി. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഉസ്മാൻ എൽ ബി ഡബ്ല്യു ആവുകയായിരുന്നു. ആദ്യം നിതിൻ മേനോൻ നോട്ട് ഔട്ട് വിധിച്ചു എങ്കിലും രോഹിത് ശർമ റിവ്യൂ എടുത്തു. തുടർന്ന് പന്ത് കൃത്യമായി വിക്കറ്റിൽ തട്ടുന്നുണ്ട് എന്ന് മനസ്സിലായതിനാൽ തീരുമാനം മാറ്റി ഔട്ട് നൽകി. ഈ വിക്കറ്റ് വീഴ്ചയുടെ വീഡിയോ ദൃശ്യം കാണാം…