അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ടീം ഓസ്ട്രേലിയക്ക് മുൻതൂക്കം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അവർ 90 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ഉസ്മാൻ ഖവാജയുടെ (104*) ഇന്നിങ്സാണ് അവർക്ക് കരുത്തായത്. ഇന്ത്യാ സന്ദർശനത്തിനായി എത്തിയിട്ടുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയിരുന്നു.
കഴിഞ്ഞ ടെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി പന്ത് കുത്തിത്തിരിയാതെ ഇരുന്നതോടെ പതിയെ മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഓസീസ് താരങ്ങൾ പിടിമുറുക്കുകയായിരുന്നു. നന്നായി തുടങ്ങിയെങ്കിലും 44 പന്തിൽ 7 ബൗണ്ടറിയോടെ 32 റൺസ് എടുത്ത ഓപ്പണർ ട്രാവിസ് ഹെഡ് അശ്വിന്റെ പന്തിൽ പുറത്തായി. മാർണാസ് ലഭുഷേയ്നും പീറ്റർ ഹാൻഡ്സ്കോമ്പിനും തിളങ്ങാൻ കഴിഞ്ഞില്ല. സ്റ്റീവൻ സ്മിത്ത് 135 പന്ത് നേരിട്ട് 38 റൺസ് നേടി. ഒടുവിൽ എത്തിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ 49 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഷമി രണ്ട് വിക്കറ്റും അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ പീറ്റർ ഹാൻഡ്സ്കോംബിന്റെ വിക്കറ്റ് വീഴ്ത്തിയത് പേസർ മുഹമ്മദ് ഷമി ആയിരുന്നു. 27 പന്തിൽ 3 ബൗണ്ടറി അടക്കം 17 റൺസ് മാത്രമേ അദ്ദേഹത്തിന് എടുക്കാൻ കഴിഞ്ഞുള്ളൂ. എഴുപത്തിയൊന്നാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു ഇന്ത്യ ഇന്ന് അവസാനമായി നേടിയ ഈ വിക്കറ്റ് പിറന്നത്. ഷമിയുടെ വളരെ മികച്ച ഒരു അൺപ്ലയബിൾ ഡെലിവറി. അന്നേരം ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ക്ലീൻ ബോൾഡ് ആയ അദ്ദേഹത്തിന്റെ ഓഫ്സ്റ്റമ്പ് ഒരു പമ്പരം കണക്കെ വായുവിൽ കുതിച്ചുപൊങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ഷമിക്ക് വിശ്രമം നൽകിയിരുന്നു. ഈ മത്സരത്തിൽ സിറാജിന് വിശ്രമം നൽകിയപ്പോൾ ഷമി വീണ്ടും ടീമിലെത്തി.