ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ മൂന്നാം ദിനമായ ഇന്ന് കളി പുരോഗമിക്കുകയാണ്. ഇന്നലെ ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് 480 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എന്ന നിലയിൽ ആയിരുന്നു. ഇന്ന് ആദ്യ മണിക്കൂറിൽ ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 35 റൺസ് എടുത്ത അദ്ദേഹം സ്പിന്നർ മാത്യൂ കാഹ്നെമാന്റെ പന്തിലാണ് പുറത്തായത്.
അതിനിടെ ഇന്ത്യൻ ആരാധകരുടെ ഒരു അപമാനകരമായ പ്രവർത്തിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾ മത്സരത്തിനായി ഗാലറിയ്ക്ക് സമീപമുള്ള ഡഗ് ഔട്ടിൽ തയ്യാറെടുക്കുന്ന സമയത്ത് കാണികൾ ആർപ്പുവിളികളുമായി രംഗത്തുണ്ട്. ആദ്യം അവർ സൂര്യകുമാർ യാദവിനായി ആരവം മുഴക്കുകയും അദ്ദേഹം അവരെ തിരിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് ‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങിത്തുടങ്ങിയത്.
ആ സമയത്ത് ഇസ്ലാം മതവിശ്വാസിയായ പേസർ മുഹമ്മദ് ഷമിയും അവിടെയുണ്ടായിരുന്നു. അതിലൊരാൾ ‘ഷമി.. ജയ് ശ്രീറാം..’ എന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. സഹതാരങ്ങൾക്ക് മുന്നിൽവച്ച് അപമാനിക്കപ്പെടുന്ന ഒരു സന്ദർഭമാണ് ഷമി അവിടെ ഏറ്റുവാങ്ങേണ്ടിവന്നത്. ഒരു മതേതര രാഷ്ട്രം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ഇത്തരം പ്രവർത്തികൾ നിരുത്സാഹപ്പെടുത്തേണ്ടത് അനിവാര്യമാണ്. ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രാജ്യത്തിന് കളങ്കമുണ്ടാക്കുന്നതാണ് ഇത്തരം വ്യക്തികളുടെ ചെയ്തികൾ.