ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തകർപ്പൻ ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട് ആവുകയും ചെയ്തു, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.
ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ഹർദിക്കിനെയും(25) ജഡേജയെയും 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു, ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറിൽ മിച്ചൽ മാർഷ് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് റൺസിന് ശ്രമിക്കുന്നു, ഈ സമയം ഷോർട്ട് കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്ലി ഓസീസ് താരങ്ങൾ രണ്ടാം റണ്ണിനായി ശ്രമിക്കുമെന്ന് മനസ്സിലാക്കിയതോടെ ഷോർട്ട് കവറിൽ നിന്ന് പിച്ച് ക്രോസ്സ് ചെയ്ത് അതിവേഗം ഓടി ബോൾ കൈപ്പിടിയിൽ ഒതുക്കി പെട്ടന്ന് തന്നെ വിക്കറ്റ് കീപ്പർക്ക് നൽകി, അപ്പോഴേക്കും ഓസ്ട്രേലിയൻ താരങ്ങൾ രണ്ടാം റൺ പൂർത്തിയാക്കിയെങ്കിലും കോഹ്ലിയുടെ ഈ പ്രവർത്തി ഏറെ കൈയ്യടി നേടി.
Written By: അഖിൽ. വി.പി. വള്ളിക്കാട്.