ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 84 റൺസോടെ പുറത്താകാതെ നിന്ന യുവതാരം തിലക് വർമയുടെ ഇന്നിങ്സിന്റെ മികവിലാണ് അവർ മുന്നേറിയത്. ശക്തമായ ടോപ് ഓർഡർ അവകാശപ്പെടാവുന്ന ടീമായിരുന്നിട്ടും അവരുടെ താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ തിലക് വർമയും അരങ്ങേറ്റമത്സരം കളിക്കുന്ന യുവതാരങ്ങളായ നേഹാൽ വധേരയും അർഷദ് ഖാനും ചേർന്നാണ് അവരെ പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്.
നായകൻ രോഹിത് ശർമ്മ 10 പന്ത് നേരിട്ട് വെറും ഒരു റൺ മാത്രം എടുത്ത് പുറത്താവുകയായിരുന്നു. ഇഷാൻ കിഷൻ പത്തും ഗ്രീൻ അഞ്ചും സൂര്യകുമാർ യാദവ് പതിനഞ്ചും റൺസോടെ മടങ്ങിയപ്പോൾ മുംബൈ 9 ഓവറിൽ 48/4 എന്ന നിലയിൽ പരുങ്ങലിലായി. എങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വർമയും വധേരയും 50 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വധേര 13 പന്തിൽ 21 റൺസ് എടുത്തു പുറത്തായി. പിന്നീടെത്തിയ ടിം ഡേവിഡ് നാലും ഹൃതിക് ഷോക്കീൻ അഞ്ചും റൺസെടുത്തു മടങ്ങിയെങ്കിലും 9 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്ന അർഷദ് ഖാൻ വർമയ്ക്ക് കൂട്ടായി.
മത്സരത്തിൽ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസി അതിമനോഹരമായ ഒരു ക്യാച്ച് എടുത്തിരുന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ഹൃതിക് ശോക്കീനെ പുറത്താക്കാൻ വേണ്ടിയായിരുന്നു അത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച ശോക്കീൻ വരെ അമ്പരന്നുപോയ നിമിഷം. മിഡ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫാഫ്, തന്റെ മുകളിലൂടെ പോകേണ്ടിയിരുന്ന പന്തിനെ മുൻകൂട്ടികണ്ട്, കൃത്യസമയത്ത് വായുവിൽ ഉയർന്നുകൊണ്ട് ഇരുകൈകളുംവച്ച് പിടിച്ചെടുക്കുകയായിരുന്നു. അത്യന്തം പ്രയാസകരമായ ഒരു ക്യാച്ച് ആയിരുന്നിട്ടും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് തന്റെ 38ആം വയസ്സിലും കഴിയുന്നു എന്നതാണ് അത്ഭുതം.
ക്യാച്ച് വിഡിയോ: