ഇന്ന് ഗുവാഹത്തിയിൽ നടന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ രണ്ടാം ജയം നേടിക്കൊണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. ഡൽഹിയുടെ മറുപടി 9 വിക്കറ്റിന് 142 റൺസിൽ അവസാനിച്ചു. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇതോടെ അവർ പരാജയം സമ്മതിച്ചു.
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് ഓപ്പണർമാരായ ബട്ട്ലറുടെയും ജൈസ്വാളിന്റെയും മികവിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. ജയ്സ്വാൾ 31 പന്തിൽ 60 റൺസും ബട്ട്ലർ 51 പന്തിൽ 79 റൺസും നേടി. നായകനും മലയാളി താരവുമായ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ഗുവാഹത്തിയിലെ സ്വന്തം ഗ്രൗണ്ടിൽ കളിച്ച റിയാൻ പരാഗ് 11 പന്തിൽ 7 റൺസിനും മടങ്ങി. എങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹെട്ട്‌മയരുടെ പോരാട്ടം രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ യുവതാരം ധ്രുവ് ജുറേൾ 3 പന്തിൽ 8 റൺസോടെയും ഹേട്ട്‌മയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ ആദ്യ ഓവറിൽ തന്നെ ഡബിൾ വിക്കറ്റ് മെയ്ഡൻ എറിഞ്ഞ ട്രെന്റ് ബോൾട്ട് പരാജയത്തിന്റെ ആദ്യത്തെ ആണിയടിച്ചു. പിന്നീട് സ്പിന്നർമാർ റൺനിരക്ക് കുറച്ചു. മത്സരത്തിൽ പത്തൊമ്പതാം ഓവർവരെ ബാറ്റ് ചെയ്ത ഓപ്പണറും നായകനുമായ ഡേവിഡ് വാർണർ 55 പന്തിൽ 65 റൺസാണ് നേടിയത്. വിരാട് കോഹ്‌ലിക്കും ശിഖർ ധവാനും ശേഷം ഐപിഎല്ലിൽ 6000 റൺസ് പിന്നിടുന്ന മൂന്നാമത്തെ താരമായി അദ്ദേഹം മാറി. എങ്കിലും 200 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ടീമിന്റെ പോരാട്ടവീര്യം വാർണർക്കോ സഹതാരങ്ങൾക്കോ ഉണ്ടായില്ല എന്നതാണ് വാസ്തവം.
24 പന്തിൽ 38 റൺസെടുത്ത ലളിത് യാദവ് അൽപം ഭേദപ്പെട്ട പ്രകടനം നടത്തി. 14 റൺസെടുത്ത റിലി റൂസ്സോയെക്കൂടി മാറ്റിനിർത്തിയാൽ ടീമിലെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. രാജസ്ഥാന് വേണ്ടി ബോൾട്ടും ചഹലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ സഞ്ജുവിന്റെ മികച്ചൊരു സ്റ്റമ്പിങ്ങിലൂടെയാണ് ചഹൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച അക്‌സർ പട്ടേലിന് പിഴച്ചപ്പോൾ സഞ്ജു മിന്നൽവേഗത്തിൽ പന്ത് കൈക്കലാക്കി വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ മികച്ചൊരു ഡൈവിങ് ക്യാച്ചും സഞ്ജു എടുത്തിരുന്നു.