ഐപിഎല്ലിലെ എക്കാലത്തെയും മികച്ച രണ്ട് ടീമുകളായ ചെന്നൈയും മുംബൈയും ഇന്നലെ രാത്രി ഏറ്റുമുട്ടിയപ്പോൾ, ധോണിയുടെ കീഴിൽ ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അവർക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യം മറികടന്നു. നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് കളിയിലെ കേമൻ.
ആദ്യ ബാറ്റിങ്ങിൽ മുംബൈയ്ക്ക്, 13 പന്തിൽ 21 റൺസെടുത്ത നായകൻ രോഹിത് ശർമയും, 21 പന്തിൽ 32 റൺസ് നേടിയ ഇഷാൻ കിഷനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും, പിന്നീട് വന്നവർക്ക് അത് തുടരാൻ കഴിഞ്ഞില്ല. തിലക് വർമ(22), ടിം ഡേവിഡ് (31), ഹൃതിക് ശോക്കീൻ(18*) എന്നിവരുടെ ഇന്നിങ്സുകളാണ് അവർക്ക് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്. 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയ്ക്ക്, രണ്ട് വിക്കറ്റ് വീതമെടുത്ത മിച്ചൽ സാന്റ്‌നറും തുഷാർ ദേശ്പാണ്ഡെയും മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് ഓപ്പണർ ഡേവോൺ കോൺവേയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും മൂന്നാമനായി ഇറങ്ങിയ സീനിയർ ഇന്ത്യൻ താരമായ അജിൻക്യ രഹാനെ സ്‌ഫോടനാത്മക ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. 19 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം, ഈ സീസണിലെ വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം സ്വന്തം പേരിലാക്കി. 27 പന്തിൽ 61 റൺസോടെ രഹാനെ മടങ്ങുമ്പോൾ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. ശിവം ഡുബെ 28 റൺസ് എടുത്ത് പുറത്തായി. ഓപ്പണർ ഋതുരാജ് 40 റൺസോടെയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അമ്പാട്ടി റായിഡു 20 റൺസോടെയും പുറത്താകാതെ നിന്നു.
വാങ്കഡെ സ്റ്റേഡിയവുമായി ചെന്നൈ നായകൻ ധോണിയ്ക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ധോണിയുടെ ബാറ്റിൽ നിന്നും പറന്ന സിക്‌സിലൂടെയാണ് ഇന്ത്യ വിശ്വവിജയികളായത്. അന്ന് ഗാലറിയിൽ പന്ത് വന്നുപതിച്ച ഭാഗം പ്രത്യേകം അടയാളപ്പെടുത്തി അതിന് ധോണിയുടെ പേരുനൽകിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ചെന്നൈ വിജയത്തിലേക്ക് കുതിക്കുന്നതിനിടെ “വീ വാണ്ട് ധോണി” വിളികൾ ഉയർന്നത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ധോണി പാഡ് കെട്ടി തയ്യാറായി ഇരുന്നെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ റായിഡുവും ഋതുരാജും ചേർന്ന് വിജയത്തിലേത്തിച്ചു. തങ്ങളുടെ ടീമായ മുംബൈ തോൽവിയുടെ വക്കിൽ നിൽക്കുമ്പോഴും എല്ലാവർക്കും വേണ്ടിയിരുന്നത് ധോണിയുടെ ഒരു മിന്നലാട്ടമായിരുന്നു.
We want Dhoni: