Categories
Cricket Latest News Malayalam

ധോണി വരെ പുകഴ്ത്തിയ ഡെലിവറി ,രോഹിത്തിനെ പുറത്താക്കിയ ദേശ്പാണ്ഡെയുടെ കിടിലൻ ബോൾ; വീഡിയോ

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരുന്നു. ചിട്ടയോടെ പന്തെറിഞ്ഞ ബോളർമാരുടെയും തനിക്ക് ആദ്യമായി ലഭിച്ച അവസരം നൂറുശതമാനം പ്രയോജനപ്പെടുത്തിയ സീനിയർ താരം അജിൻക്യ രഹാനെയുടെയും മികവിലാണ് അവർ അനായാസം ലക്ഷ്യത്തിലെത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്ക്‌ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യം മറികടന്നു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജ നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. അദ്ദേഹത്തിന് മികച്ച പിന്തുണയോടെ സാന്റ്‌നറും ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 21 റൺസ് എടുത്ത നായകൻ രോഹിത് ശർമയും 32 റൺസെടുത്ത കിഷനും ചേർന്ന് മുംബൈയ്‌ക്ക് മികച്ച തുടക്കം നൽകിയതാണ്. പക്ഷേ ഗ്രീൻ, സൂര്യകുമാർ യാദവ് എന്നിവരൊക്കെ നിരാശപ്പെടുത്തി. മധ്യനിരയിൽ ടിം ഡേവിഡ് 31 റൺസും തിലക് വർമ 22 റൺസും ഹൃതിക് ഷോക്കീൻ പുറത്താകാതെ 18 റൺസും നേടി അവരെ 150 കടത്തി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് ഓപ്പണർ കോൺവേയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും അജിൻക്യ രഹാനെ പുതിയൊരു അവതാരത്തിലാണ് എത്തിയത്. വന്നപാടെ തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം മുംബൈ ബോളർമാരെ സമ്മർദ്ദത്തിലാക്കി. 19 പന്തിൽ അർദ്ധസെഞ്ചുറി തികച്ച്, ഈ സീസണിലെ വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടവും സ്വന്തം പേരിലാക്കി. ഒടുവിൽ 27 പന്തിൽ 61 റൺസെടുത്ത് ചെന്നൈയുടെ വിജയം ഉറപ്പിച്ചായിരുന്നു മടക്കം. പിന്നീടെത്തിയ ശിവം ധുബെ 28 റൺസെടുത്ത് പുറത്തായി. ഓപ്പണർ ഋതുരാജ്(40), ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡു(20) എന്നിവർ പുറത്താകാതെ നിന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയിട്ടും വീണ്ടുമൊരു അവസരം പേസർ തുഷാർ ദേശ്പാണ്ഡെയ്ക്കു നൽകിയതിൽ ആരാധകർ നിരാശരായിരുന്നു. എങ്കിലും ഇന്നലത്തെ മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം, നായകൻ ധോണിയുടെയും ടീം മാനേജ്മെന്റിന്റെയും വിശ്വാസം കാത്തു. പവർപ്ലേ ഓവറുകളിൽ അപകടകാരിയായ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നേടിയത് ദേശ്പാണ്ഡെയായിരുന്നു. 13 പന്തിൽ 3 ഫോറും ഒരു സിക്സുമടക്കം 21 റൺസോടെ നന്നായി തുടങ്ങിയ രോഹിത്തിനെ അദ്ദേഹം ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. നാലാം ഓവറിലെ അവസാന പന്തിൽ മികച്ചൊരു ബാക്ക് ഓഫ് ലെങ്ങ്‌ത് പന്ത്, രോഹിത് മിസ് ചെയ്തതും മിഡിൽ സ്റ്റമ്പ് തെറിച്ചതും ഒന്നിച്ചായിരുന്നു. പിന്നീട് 31 റൺസെടുത്ത ടിം ഡേവിഡിന്റെ വിക്കറ്റും വീഴ്ത്തി.

English കമൻ്ററി:

Leave a Reply

Your email address will not be published. Required fields are marked *