ഈ ആഴ്‍ച്ച ഐപിഎല്ലിൽ നടന്ന മത്സരങ്ങളെല്ലാം അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടങ്ങളായിരുന്നു. ഇന്നലെ ചെന്നൈയിൽ നടന്ന മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിനോടുവിൽ രാജസ്ഥാൻ റോയൽസ് 3 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. ചെന്നൈയുടെ മറുപടി 172/6 എന്ന നിലയിൽ അവസാനിച്ചു.
പതിവിൽ നിന്നും വിപരീതമായി പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. വെടിക്കെട്ട് ഓപ്പണർ ജെയ്സ്വാൾ 10 റൺസിൽ മടങ്ങി. റിയാൻ പരാഗിന് പകരം ടീമിൽ തിരികെയെത്തിയ പഠിക്കൽ മികച്ച പ്ലൈസ്മെന്റ് ഷോട്ടുകളിലൂടെ റൺസ് കണ്ടെത്തി. 38 റൺസ് എടുത്ത അദ്ദേഹം പുറത്തായപ്പോൾ എത്തിയ നായകൻ സഞ്ജുവിനെ നേരിട്ട രണ്ടാം പന്തിൽ ജഡേജ ക്ലീൻ ബോൾഡ് ആക്കി. എങ്കിലും 22 പന്തിൽ 30 റൺസെടുത്ത അശ്വിൻ ബട്ട്‌ലർക്ക് മികച്ച കൂട്ടായി. 52 റൺസെടുത്ത ബട്ട്‌ലർ പുറത്തായെങ്കിലും 18 പന്തിൽ 30 റൺസോടെ പുറത്താകാതെ നിന്ന ഹേറ്റ്മേയറുടെ ഇന്നിങ്സ് അവർക്ക് കരുത്തായി.
മികച്ച ഫോമിലുള്ള ഋതുറാജിന്റെ വിക്കറ്റ് തുടക്കത്തിലേ വീഴ്ത്തിയ സന്ദീപ് ശർമ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ ഞെട്ടിച്ചു. എങ്കിലും രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത കോൺവേ-രഹാനെ സഖ്യം അവർക്ക് പ്രതീക്ഷ നൽകിയെങ്കിലും 31 റൺസെടുത്ത രഹാനെയെയും പിന്നീടെത്തിയ ശിവം ദുബെയെയും വിക്കറ്റിന് മുന്നിൽ കുരുക്കിയ അശ്വിൻ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. തുടർന്ന് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ കൊൺവെയെയും പിന്നീടെത്തിയ ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡുവിനെയും ചാഹലും മടക്കി. ഒടുവിൽ ജഡേജയ്ക്ക് കൂട്ടായി നായകനായി ഇരുന്നൂറാം ഐപിഎൽ മത്സരം കളിക്കുന്ന ധോണി എത്തിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു.
ഇരുവരും സ്പിന്നർമാരുടെ ഓവറുകളിൽ വമ്പനടികൾക്ക് മുതിരാതെ സിംഗിൾ എടുത്ത് അവരെ സമർത്ഥമായി നേരിട്ടു. ഒടുവിൽ അവസാന 12 പന്തിൽനിന്നും 40 റൺസായിരുന്നു വേണ്ടിയിരുന്നത്. ഹോൾഡർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഒരു ഫോറും രണ്ട് സിക്‌സും നേടിക്കൊണ്ട് ജഡേജ അവസാന ഓവറിൽ ജയിക്കാൻ 21 റൺസിൽ എത്തിച്ചു. പേസർ സന്ദീപ് ശർമയാണ് അവസാന ഓവറിൽ പന്തെറിയാനെത്തിയത്. സ്ട്രൈക്കിൽ എന്തിനും തയ്യാറായി നിൽക്കുന്ന ധോണിയും. സമ്മർദ്ദമേറിയപ്പോൾ ആദ്യ രണ്ട് പന്തുകളും വൈഡായി. തുടർന്ന് 2,3 പന്തുകളിൽ സിക്സ് നേടിയ ധോണി അവരെ വിജയത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. എങ്കിലും അവസാന മൂന്ന് പന്തുകളിൽ മികച്ച യോർക്കറുകളിലൂടെ സിംഗിളുകൾ മാത്രം വഴങ്ങിക്കൊണ്ട് സന്ദീപ് ശർമ രാജസ്ഥാന്റെ വിജയം കുറിച്ചു.
മത്സരശേഷം കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അശ്വിനും ടീമിന്റെ ഫിറ്റ്നെസ് ട്രെയിനര്‍ രാജാമണിയും ചേർന്ന് സഞ്ജുവിനൊപ്പം തമിഴിൽ ഒരു വീഡിയോ എടുത്തിരുന്നു. അശ്വിന്റെ ചാനലായ ക്രികിപീഡിയക്ക് വേണ്ടിയായിരുന്നു അത്. ചെന്നൈയിലെ മത്സരത്തിൽ വിജയം നേടിയതിന്റെ സന്തോഷം പങ്കുവെച്ചശേഷം മലയാളത്തിൽ സംസാരിച്ച അശ്വിൻ, ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചശേഷം രണ്ട് മുട്ട കഴിച്ചു എന്നും പറയുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ സഞ്ജുവിനെ തമാശരൂപേണ ട്രോളിയതാണെങ്കിലും പൊട്ടിച്ചിരിച്ചുകൊണ്ട് സഞ്ജു അത് സ്വീകരിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.