ഐപിഎല്ലിൽ ഇതാ വീണ്ടുമൊരു അവസാന ഓവർവരെ നീണ്ട ത്രില്ലർ ഫിനിഷ്. പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഒരു പന്ത് ശേഷിക്കെ 6 വിക്കറ്റിന്റെ ആവേശവിജയം നേടിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.
സന്തുലിതമായ ഗുജറാത്ത് ബാറ്റിംഗ് നിര 154 റൺസ് വിജയലക്ഷ്യം അനായാസം ചെയ്സ് ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്. 4.4 ഓവറിൽ 48 റൺസ് നേടിക്കൊണ്ട് വെടിക്കെട്ട് തുടക്കമാണ് സാഹയും ഗില്ലും അവർക്ക് സമ്മാനിച്ചത്. 19 പന്തിൽ 5 ഫോർ അടക്കം 30 റൺസെടുത്ത സാഹയെ റബാട മടക്കിയ ശേഷം സ്‌കോറിങ് മന്ദഗതിയിലായി. മൂന്നാമനായി ഇറങ്ങിയ സായ് സുദർശൻ 20 പന്തിൽ 19 റൺസും നായകൻ പാണ്ഡ്യ 11 പന്തിൽ 8 റൺസും എടുത്തു പുറത്തായി. എങ്കിലും ഒരറ്റത്ത് വിക്കറ്റ് കളയാതെ ഗിൽ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി.
ഇനിയും താരങ്ങൾ വരാനിരിക്കുന്നതുകൊണ്ട് ഗുജറാത്ത് വിജയം നേടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതോടെ കളി വിരസമായി മാറി. എങ്കിലും അർഷദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ വെറും 6 റൺസാണ് പിറന്നത്. അതോടെ അവസാന ഓവറിലേക്ക് കളി നീണ്ടു. എങ്കിലും മില്ലറും ഗില്ലും ചേർന്ന് അനായാസം വിജയം നേടും എന്ന് എല്ലാവരും കരുതി. ഇടംകൈയ്യൻ പേസർ സാം കറനായിരുന്നു അവസാന ഓവർ എറിയാൻ എത്തിയത്.
ആദ്യ പന്തിൽ കവറിലേക്ക് കളിച്ച് മില്ലർ സിംഗിൾ നേടി. രണ്ടാം പന്തിൽ കുറുകെയുള്ള ഷോട്ട് കളിക്കാൻ ശ്രമിച്ച ഗില്ലിന് പിഴച്ചപ്പോൾ പന്ത് ഓഫ് സ്റ്റമ്പുംകൊണ്ട് പറന്നു. അതോടെ പഞ്ചാബിലെ സ്റ്റേഡിയം ഉണർന്നു. പിന്നീടെത്തിയ രാഹുൽ തേവാത്തിയ ലോ ഫുൾ ടോസ് മൂന്നാം പന്തിൽ ലോങ് ഓണിലേക്ക് സിംഗിൾ നേടി. നാലാം പന്തിൽ മികച്ചൊരു യോർക്കർ എറിഞ്ഞപ്പോൾ മില്ലറിന്റെ പാഡിൽകൊണ്ട് പിന്നിലേക്ക് പോയി. ആ പന്തിൽ ഒരു ബൈറൺ ഓടി. അതോടെ 2 പന്തിൽ ജയിക്കാൻ 4 റൺസ്. പക്ഷേ അടുത്ത പന്തിൽ മുട്ടിന്മേൽ ഇരുന്ന് ഷോർട്ട് ഫൈൻലെഗിലേക്ക് സ്കൂപ്പ് ഷോട്ട് കളിച്ചുകൊണ്ട് തെവാത്തിയ ബൗണ്ടറി കടത്തി വിജയറൺ കുറിച്ചു.