ഐപിഎല്ലിലെ ഇന്നത്തെ രാത്രിയിലെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, കഴിഞ്ഞ സീസണിലെ ഫൈനലിൽ ഇതേ ഗ്രൗണ്ടിൽവെച്ചാണ് രാജസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത്. അതിനുള്ള പകരംവീട്ടാൻ ഉറച്ചാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.
ഫൈനൽ മാത്രമല്ല, കഴിഞ്ഞ വർഷം മറ്റ് രണ്ട് തവണ ഏറ്റുമുട്ടിയപ്പൊഴും ഗുജറാത്ത് തന്നെയാണ് വിജയം നേടിയിരുന്നത്. ഗുജറാത്ത് ടീമിനെതിരെ തങ്ങളുടെ ആദ്യ ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയൽസിന് പരുക്ക് ഭേദമായി ടീമിലേക്ക് പേസർ ട്രെന്റ് ബോൾട്ട് മടങ്ങിയെത്തിയത് ആശ്വാസമായിരിക്കുകയാണ്. ഓൾറൗണ്ടർ ജസൺ ഹോൾഡർക്ക് പകരമായാണ് ബോൾട്ട് ടീമിലെത്തിയത്. അതോടെ സ്പിന്നർ ആദം സാമ്പയ്ക്ക് ടീമിൽ തുടരാൻ കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ വിശ്രമം എടുത്ത നായകൻ ഹാർദിക്കിന് പകരം റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്. ഇന്ന് ഹാർദിക് ടീമിൽ മടങ്ങിയെത്തി.
മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് ഓപ്പണർ സാഹയെ മടക്കിയിരുന്നു. എങ്കിലും ശുഭ്മൻ ഗില്ലും സായ് സുദർശനും ചേർന്ന് സ്കോർ മുന്നോട്ട് നീക്കി. ഒടുവിൽ ആദം സാമ്പ എറിഞ്ഞ അഞ്ചാം ഓവറിന്റെ അവസാന പന്തിൽ സുദർശൻ റൺഔട്ട് ആയിരുന്നു. ഗിൽ അടിച്ച പന്ത് നേരെ വന്നപ്പോൾ സാമ്പ പിടിക്കാൻ ശ്രമിച്ചെങ്കിലും അത് മിഡ് ഓണിലെക്ക് ഉരുണ്ടുനീങ്ങി.
നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സായ് സുദർശൻ ആദ്യം തിരികെ ക്രീസിൽ എത്താൻ ശ്രമിച്ചുവെങ്കിലും ഗിൽ ഇങ്ങോട്ടുതന്നെ ഓടി വരുന്നതുകണ്ട് കീപ്പിങ് എൻഡിലേക്ക് ഓടി. പന്ത് കൈക്കലാക്കിയ ജോസ് ബട്ട്‌ലർ ഒരു ബുള്ളറ്റ് ത്രോയിലൂടെ പന്ത് വിക്കറ്റ് കീപ്പർ സഞ്ജുവിന് കൈമാറി. നിമിഷനേരം കൊണ്ട് സഞ്ജു അത് വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്തതോടെ 20 റൺസ് എടുത്ത സുദർശൻ പുറത്ത്.