ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആവേശപോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുകയാണ്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ കൂറ്റൻ സ്കോർ കണ്ടെത്തിയിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് ചെന്നൈ നേടിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽനിന്നും ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. പരുക്കേറ്റ പേസർ സിസന്ദ മാഗാലയ്ക്ക് പകരം മതീഷ പതിരാന ടീമിൽ ഇടം പിടിച്ചു.
3 റൺസെടുത്ത ഋതുരാജിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായ ചെന്നൈയ്ക്ക് രഹാനെയും കോൺവേയും ചേർന്ന കൂട്ടുകെട്ട് രക്ഷയ്ക്കെത്തുകയായിരുന്നു. മിന്നുന്ന ഫോമിലുള്ള ഇരുവരും രണ്ടാം വിക്കറ്റിൽ 74 റൺസാണ് കൂട്ടിച്ചേർത്ത് ത്. 20 പന്തിൽ 37 റൺസെടുത്ത രഹാനെ മടങ്ങിയ ശേഷം എത്തിയ ശിവം ദുബെയും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച് 27 പന്തിൽ 52 റൺസെടുത്തു. ഓപ്പണർ കോൺവേ 45 പന്തിൽ ആറു വീതം സിക്സും ഫോറും ഉൾപ്പെടെ 83 റൺസ് നേടിയാണ് പുറത്തായത്. 9 പന്തിൽ 19 റൺസോടെ മൊയീൻ അലി പുറത്താകാതെ നിന്നു.
അതിനിടെ മത്സരത്തിൽ ശിവം ദുബെ നേടിയ ഒരു പടുകൂറ്റൻ സിക്സർ ഗാലറിയുടെ മേൽക്കൂരയിൽ ചെന്നാണ് പതിച്ചത്. ഹർഷൽ പട്ടേൽ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ ഒരു ലോ ഫുൾടോസ് വന്നപ്പോൾ, മികച്ചൊരു പുൾ ഷോട്ടിലൂടെ ലോങ് ഓണിലേക്ക് സിക്സ് പായിക്കുകയായിരുന്നു. പന്ത് പോയ ദൂരമാകട്ടെ 111 മീറ്റർ!!! ഈ ഐപിഎൽ സീസണിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ സിക്സ് ആയിമാറിയിരിക്കുകയാണ് ഈ തകർപ്പൻ ഷോട്ട്. 115 മീറ്റർ സിക്സ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസിയുടെ പേരിലാണ് ഇതുവരെയുള്ള നീളമേറിയ സിക്സ്.