ഇന്നലെ രാത്രി നടന്ന ഐപിഎല്ലിലെ ആവേശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 8 റൺസിന് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച അവർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റിന് 226 റൺസ് നേടി. ബംഗളൂരുവിന്റെ മറുപടി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 218 റൺസിൽ അവസാനിക്കുകയായിരുന്നു. 83 റൺസ് എടുത്ത ചെന്നൈ ഓപ്പണർ ഡേവോൺ കോൺവെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക്, 20 പന്തിൽ 37 റൺസെടുത്ത രഹാനെയുടേയും 27 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ ശിവം ദുബെയുടെയും ഇന്നിങ്സുകളും മികച്ച ടോട്ടൽ കണ്ടെത്താൻ സഹായകമായി. മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി ആദ്യ ഓവറിൽ മടങ്ങിയിരുന്നു. എങ്കിലും അതേനാണയത്തിൽ തിരിച്ചടിച്ച മാക്സ്‌വെല്ലും ഡു പ്ലെസ്സിയും ചേർന്ന കൂട്ടുകെട്ട്, മൂന്നാം വിക്കറ്റിൽ 126 റൺസ് നേടി, അവർക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയിരുന്നു. മാക്സ്വെൽ 76 റൺസും ഡു പ്ലെസ്സി 62 റൺസും എടുത്തു പുറത്തായതോടെയാണ് ചെന്നൈ മത്സരത്തിൽ പിടിമുറുക്കിയത്. 14 പന്തിൽ 28 റൺസെടുത്ത കാർത്തിക്കും 10 പന്തിൽ 19 റൺസെടുത്ത ഇംപാക്ട് പ്ലെയർ പ്രഭുദേശായിയും പൊരുതി നോക്കിയെങ്കിലും ബംഗളൂരുവിന് വിജയം അകന്നുനിന്നു.
മത്സരശേഷം ടീമുകളിലെ താരങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം നടത്തുന്ന സമയത്തുള്ള വിരാട് കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. ധോണിയും കോഹ്‌ലിയും സ്നേഹത്തോടെ ആലിംഗനം ചെയ്തുകൊണ്ട് അൽപസമയം സംസാരിച്ചു. തുടർന്ന് താരങ്ങൾ എല്ലാവരും പിരിഞ്ഞശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനുവേണ്ടി തയ്യാറെടുക്കുന്ന സമയത്തും കോഹ്‌ലി ധോണിയോടൊപ്പം തമാശകൾ പങ്കുവെച്ചുകൊണ്ട് നിൽക്കുന്നതായും കാണപ്പെട്ടു. ഇരുവരും തമ്മിൽ ഇന്നും തുടരുന്ന ആത്മബന്ധം ആരാധകർ തങ്ങളുടെ പോസ്റ്റുകളിലൂടെ ആഘോഷിക്കുകയാണ്.