ഐപിഎല്ലിലെ തങ്ങളുടെ ഇരുന്നൂറാം മത്സരം കളിക്കുന്ന രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത റോയൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. രാജസ്ഥാൻ തങ്ങളുടെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ നേടുന്ന ആദ്യത്തെ 200+ ടോട്ടലാണ് ഇത്. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച ഓപ്പണർ യാശസ്വീ ജൈസ്വാൾ 77 റൺസോടെ ടോപ് സ്കോററായി.
ഒന്നാം വിക്കറ്റിൽ ബട്ട്‌ലറുമൊത്ത് 8.2 ഓവറിൽ 86 റൺസാണ് ജെയിസ്വാൾ കൂട്ടിച്ചേർത്തത്. 27 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ നായകൻ സഞ്ജു 17 റൺസ് എടുത്ത് പുറത്തായി. അതിനു ശേഷം 77 റൺസിൽ ജൈസ്വാളും പിന്നീടെത്തിയ ഹെറ്റ്‌മയർ 8 റൺസ് എടുത്തും പുറത്തായി. എങ്കിലും 15 പന്തിൽ 34 റൺസെടുത്ത ധ്രുവ് ജുറെലും 13 പന്തിൽ 27 റൺസോടെ പുറത്താകാതെ നിന്ന ദേവദത്ത് പഠിക്കലും ചേർന്ന് സ്കോർ 200 കടത്തുകയായിരുന്നു.
മത്സരത്തിൽ ചെന്നൈ നിരയിലെ ശ്രീലങ്കൻ യുവപേസർ മതീഷ പതിറാന തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ് ശ്രദ്ധ നേടിയിരുന്നു. ശ്രീലങ്കൻ ഇതിഹാസതാരം ലസിത് മലിംഗയുടെ ആക്ഷൻപോലെ പന്തെറിയുന്ന താരമാണ് അദ്ദേഹം. ഇന്ന് രാജസ്ഥാൻ ബോളിങ് കോച്ചായ മലിംഗയെ സാക്ഷിയാക്കിയായിരുന്നു പതിരാനയുടെ യോർക്കറുകൾ. പതിനെട്ടാം ഓവറിൽ 4 മികച്ച യോർക്കറുകൾ എറിഞ്ഞ അദ്ദേഹത്തിന് പക്ഷേ, അതിലെ രണ്ടെണ്ണം എഡ്ജായി വിക്കറ്റിന് പിന്നിലേക്ക് ബൗണ്ടറി വഴങ്ങേണ്ടിവന്നിരുന്നു. ഒരു പന്ത് ആകട്ടെ 150 കിലോമീറ്റർ വേഗതയും പിന്നിട്ടു. നാലോവറിൽ 48 റൺസ് വഴങ്ങിയ അദ്ദേഹത്തിന് വിക്കറ്റ് ഒന്നും ലഭിച്ചതുമില്ല.