ഇന്നലെ ജയ്പൂരിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ 32 റൺസിന് കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. ഈ സീസണിൽ ഇതിനുമുൻപ് ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോഴും 3 റൺസിന് റോയൽസാണ് വിജയിച്ചത്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ജൈസ്‌വാളിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. ചെന്നൈയുടെ മറുപടി 170/6 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർ ഗെയ്ക്വാദ് 29 പന്തിൽ 47 റൺസ് നേടിയെങ്കിലും, 16 പന്തിൽ 8 റൺസെടുത്ത കോൺവെയും, 13 പന്തിൽ 15 റൺസെടുത്ത രഹാനെയും, ഇംപാക്ട് പ്ലെയറായി ഇറങ്ങി പൂജ്യത്തിന് പുറത്തായ റായിഡുവും ചെന്നൈയ്ക്ക് നിരാശയാണ് സമ്മാനിച്ചത്. എങ്കിലും 33 പന്തിൽ 52 റൺസോടെ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ച ശിവം ദുബേ അവസാന പന്തിലാണ് പുറത്തായത്. മൊയീൻ അലി 12 പന്തിൽ 23 റൺസും ജഡേജ 15 പന്തിൽ പുറത്താകാതെ 23 റൺസും നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.
നേരത്തെ 77 റൺസെടുത്ത ജൈസ്വാളിന് പുറമേ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജുറെൽ(15 പന്തിൽ 34), പഠിക്കൽ(13 പന്തിൽ 27*) എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാനെ 200 കടത്തിയത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും 17 പന്തിൽ 17 റൺസോടെ നായകൻ സഞ്ജു സാംസൺ പുറത്താവുകയാണ് ഉണ്ടായത്. എങ്കിലും മികച്ച നായകമികവ് പ്രകടിപ്പിച്ച അദ്ദേഹം, കൃത്യമായ തീരുമാനങ്ങളിലൂടെ മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. അതിനിടെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സഞ്ജുവിന്റെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.
മൈതാനത്തിന്റെ വേലിക്കെട്ടുകൾക്കരികിൽ സഞ്ജുവിന്റെ ചിത്രമെടുക്കാൻ മത്സരിച്ച് ഒരുപാട് ആരാധകരുടെ കൂട്ടമുണ്ടായിരുന്നു. അവരുടെ സമീപമെത്തിയ സഞ്ജു ഒരു ആരാധകന്റെ ഫോൺ വാങ്ങി, സെൽഫി എടുത്തുനൽകുന്നതിനിടയിൽ അതിലേക്ക് ഒരു കാൾ വന്നു. അത് കട്ട് ചെയ്തേക്കുവെന്ന് അവർ പറഞ്ഞെങ്കിലും സഞ്ജു കാൾ എടുക്കുകയാണ് ചെയ്തത്. ലൗഡ്സ്പീക്കറിൽ ഇട്ടതോടെ അവർ “സഞ്ജുവിനോട് സംസാരിക്കൂ” എന്ന് മറുപുറത്തുള്ള വ്യക്തിയോട് പറയുകയും ചെയ്യുന്നുണ്ട്. “ഇത് സഞ്ജുവാണ് സംസാരിക്കുന്നത്, താങ്കൾക്ക് സുഖമാണോ” എന്ന് സഞ്ജു ഫോണിൽ ചോദിച്ചത് വൻ ആർപ്പുവിളികളുമായാണ് ആരാധകർ സ്വീകരിച്ചത്.