ഐപിഎല്ലിലെ തങ്ങളുടെ ഇരുന്നൂറാം മത്സരത്തിൽ ഇന്നലെ ചെന്നൈയ്ക്കെതിരെ 32 റൺസ് വിജയവുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ആദ്യമായി ഇരുനൂറ് റൺസ് പിന്നിടുകയും ചെയ്ത അവർ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. ചെന്നൈയുടെ മറുപടി 6 വിക്കറ്റിന് 170 റൺസിൽ അവസാനിക്കുകയായിരുന്നു. 43 പന്തിൽ 77 റൺസെടുത്ത റോയൽസ് ഓപ്പണർ ജൈസ്സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്‌ക്കായി ഓപ്പണർ ഗെയ്ക്വാദ് 29 പന്തിൽ 47 റൺസ് എടുത്തുവെങ്കിലും സഹഓപ്പണർ കോൺവെയും, പിന്നീടെത്തിയ രഹാനെയും, ഇംപാക്ട് പ്ലയറായ അമ്പാട്ടി റായിഡുവും പെട്ടെന്ന് മടങ്ങിയതോടെ 10.4 ഓവറിൽ 74/4 എന്ന നിലയിലായിരുന്നു അവർ. അതോടെ മത്സരത്തിൽ രാജസ്ഥാൻ മേൽക്കൈ നേടിയെങ്കിലും ചെന്നൈ മധ്യനിര പരാജയം സമ്മതിച്ചിരുന്നില്ല. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മൊയീൻ അലിയും ശിവം ദുബേയും വെറും നലോവറിനുള്ളിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ വീണ്ടും മത്സരം ബലാബലമായി.
ആദം സാമ്പ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ മൊയീൻ അലിയെ പുറത്താക്കിയ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു, രാജസ്ഥാന് നിർണായക ബ്രേക്ക്ത്രൂ നൽകി. ചെന്നൈ നിരയിലെ ഏറ്റവും അപകടകരമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്‌തിരുന്ന അലി പുറത്തായി ജഡേജ വന്നതോടെ സ്‌കോറിംഗ് മന്ദഗതിയിലായി. ശിവം ദുബേ അർദ്ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
12 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്സുമടക്കം 23 റൺസാണ് മൊയീൻ അലി നേടിയത്. ബാറ്റിന്റെ അടിഭാഗത്ത് കൊണ്ട് താഴേക്ക് പോകുകയായിരുന്ന പന്തിനെ തന്റെ പാഡിന്റെ അടുത്തുവച്ചാണ് സഞ്ജു കൈപ്പിടിയിൽ ഒതുക്കിയത്. പേസർമാരുടെ പന്തുകളെ അപേക്ഷിച്ച് സ്പിന്നർമാരുടെ പന്തുകളിൽ വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ, താഴ്ന്നുവരുന്ന ക്യാച്ചുകൾ എടുക്കുന്നത് അല്‌പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും സഞ്ജു അത് അനായാസം കൈകാര്യം ചെയ്തു. 3 വിക്കറ്റുമായി സാമ്പയും 2 വിക്കറ്റുമായി അശ്വിനും തിളങ്ങി.