Categories
Uncategorized

സ്വന്തം വീട്ടിലേക്ക് പോലും ഒരു ടാർ റോഡ് ഇല്ലാത്ത അവരുടെ പേരിൽ ഒരു ജംഗ്ഷൻ തന്നെ നിലവിൽ വന്നു; അഭിമാനതാരമായി മിന്നു മണി

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഇന്ത്യൻ വനിതകളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ട്വൻ്റി ട്വൻ്റി പരമ്പരയിൽ തിളങ്ങി, കേരളത്തിൻ്റെ അഭിമാനതാരമായി മാറിയിരുന്നു വയനാട്ടുകാരി മിന്നു മണി. കുറിച്യ ആദിവാസി ഗോത്രത്തിലെ കുടുംബത്തിൽ നിന്നും വരുന്ന മിന്നു, പല പ്രതിസന്ധികളോടും പോരാടി  കേരള ടീമിൽ മികവ് തെളിയിക്കുകയും ഒടുവിൽ ഇന്ത്യൻ ടീമിനായി കളിക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു. ഈ വർഷത്തെ പ്രഥമ വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലും അംഗമായിരുന്നു ഈ ഓൾറൗണ്ടർ.

ഒരു മലയാളി വനിത ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നമ്മൾ എല്ലാവരും വളരെ അധികം സന്തോഷിച്ചു. എങ്കിലും താരനിബിഡമായ ഇന്ത്യൻ നിരയിൽ ഒരു മത്സരത്തിലെങ്കിലും അവസരം ലഭിച്ചാൽ മതിയായിരുന്നു എന്നതായിരുന്നു എല്ലാവരുടെയും പ്രാർത്ഥന. പക്ഷേ, മിന്നുവിന് ട്വൻ്റി ട്വൻ്റി പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിക്കുകയും, മാത്രമല്ല ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയാകുകയും ചെയ്തു.

അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ മിന്നുവിനു വിക്കറ്റ് ലഭിച്ചു. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ 2-1ന് വിജയിച്ച ആ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ മിന്നുവിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പെട്ടെന്നുതന്നെ മറ്റൊരു സന്തോഷവാർത്ത കൂടി മിന്നുവിനെ തേടിയെത്തി. അടുത്തു വരാനിരിക്കുന്ന ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മിന്നുവും ഇടം കണ്ടെത്തിയ വാർത്ത.

ഇതോടെ വയനാട്ടുകാരുടെ അഭിമാനമായി മാറിയ മിന്നുവിൻ്റെ പേരിൽ ഒരു ജംഗ്ഷൻ തന്നെ പുനർനാമകരണം ചെയ്തിരിക്കുകയാണ് വയനാട്ടിലെ മാനന്തവാടി നഗരസഭ. മൈസൂരു റോഡ് ജംഗ്ഷൻ എന്നറിയപ്പെട്ടിരുന്ന ഒരു റയിൽവേ ജംഗ്ഷൻ, ഇനി മുതൽ ‘മിന്നു മണി ജംഗ്ഷൻ’ എന്നറിയപ്പെടും. സ്വന്തം വീട്ടിലേക്ക് പോലും ഒരു ടാർ റോഡ് ഇല്ലാത്ത അവരുടെ പേരിൽ ഒരു ജംഗ്ഷൻ തന്നെ നിലവിൽ വന്നതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, താരത്തെ അനുമോദനം നടത്തിയ ചടങ്ങിൽവെച്ച്, ഉടൻ തന്നെ വീട്ടിലേക്കുള്ള റോഡും പണിതു നൽകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *