ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ് ട്വൻ്റി ട്വൻ്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 48 റൺസെടുത്ത നായകൻ പവലും, 41 റൺസെടുത്ത പൂരനുമാണ് അവരുടെ ടോപ് സ്കോറർമാർ.
ഇന്ത്യൻ നിരയിൽ അർഷദീപ് സിംഗും ചഹലും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, നായകൻ പാണ്ഡ്യയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടീം ഇന്ത്യ കളിക്കുന്ന ഇരുന്നൂറാം രാജ്യാന്തര ട്വൻ്റി ട്വൻ്റി മത്സരം എന്ന പ്രത്യേകത കൂടി ഇന്നുണ്ട്. സീനിയർ താരങ്ങളായ ജഡേജ, രോഹിത്, വിരാട് എന്നിവരൊന്നും ഇല്ലാതെ ഇറങ്ങുന്ന ടീം ഇന്ത്യയെ നയിക്കുന്നത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ്.
അരങ്ങേറ്റ മത്സരം കളിക്കുന്ന തിലക് വർമ തൻ്റെ രാജ്യാന്തര കരിയറിന് മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ആദ്യം ഫീൽഡിംഗ് സമയത്ത് രണ്ട് മികച്ച ക്യാച്ചുകൾ എടുത്ത വർമ, ബാറ്റിംഗിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. 6 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷൻ പുറത്തായശേഷം എത്തിയ തിലക്, നേരിട്ട രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സ് അടിച്ചാണ് വരവറിയിച്ചത്. അൽസാരി ജോസഫ് എറിഞ്ഞ ആറാം ഓവറിൻ്റെ മൂന്ന്, നാല് പന്തുകളിൽ ഡീപ് മിഡ് വിക്കറ്റിലേക്കും ഡീപ് സ്ക്വയർ ലെഗിലേക്കും പന്ത് പറന്നു.
വീഡിയോ..