ഇന്ത്യ – വെസ്റ്റിൻഡീസ് ട്വൻ്റി ട്വൻ്റി പരമ്പരയ്ക്ക് ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യൻ നിരയിൽ തിലക് വർമയ്ക്കും മുകേഷ് കുമാറിനും ട്വൻ്റി ട്വൻ്റി അരങ്ങേറ്റ മത്സരം ലഭിച്ചു. ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ യുവതാരം യശസ്വി ജൈസ്വാൾ ഇനിയും കാത്തിരിക്കണം. ടീം ഇന്ത്യയുടെ ഇരുന്നൂറാം രാജ്യാന്തര ട്വൻ്റി ട്വൻ്റി മത്സരം എന്ന പ്രത്യേകത കൂടി ഇന്നുണ്ട്. ഇന്ത്യയുടെ ട്വൻ്റി ട്വൻ്റിയിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ യൂസ്വെന്ദ്ര ചഹാൽ, ഇന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പുറത്തിരുന്ന അദ്ദേഹം, ഇന്ന് അഞ്ചാം ഓവറിലാണ് പന്തെറിയാൻ എത്തിയത്. ആദ്യ പന്തിൽ തന്നെ കൈൽ മെയേഴ്‌സിനെ വിക്കറ്റിന് മുന്നിൽ കുരുക്കി അപ്പീൽ ചെയ്തപ്പോൾ അമ്പയർ വിരലുയർത്തി. മെയേഴ്സ് റിവ്യൂ നൽകാതെ മടങ്ങിയനേരം, റീപ്ലേകളിൽ അത് വിക്കറ്റിൽ കൊള്ളാതെ പോകും എന്ന് വ്യക്തമായി. ഇന്ത്യക്ക് അതൊരു ഭാഗ്യമായി.
തുടർന്ന് മൂന്നാം പന്തിൽ ബ്രാൻഡൻ കിങ്ങിനെ വിക്കറ്റിന് മുന്നിൽ കുരുക്കി അപ്പീൽ ചെയ്തപ്പോൾ, അമ്പയർ ഒരിക്കൽ കൂടി വിക്കറ്റ് നൽകി. ഇത്തവണ വെസ്റ്റിൻഡീസ് റിവ്യൂ നൽകിയെങ്കിലും, അത് വിക്കറ്റിൽ കൊള്ളും എന്ന് വ്യക്തമായി. 19 പന്തിൽ 28 റൺസ് നേടി നന്നായി തുടങ്ങിയ കിംഗ്, അതോടെ പുറത്താവുകയും ഒരു റിവ്യൂ നഷ്ടമാകുകയും ചെയ്തു.
വീഡിയോ..