പുതുച്ചേരിയിൽ നടക്കുന്ന ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനൽ പോരാട്ടത്തിൽ ഈസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് സോൺ ടീം, ഓപ്പണറും മലയാളി താരവുമായ രോഹൻ കുന്നുമ്മലിൻ്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 328 റൺസാണ് നേടിയിരിക്കുന്നത്.
നായകൻ മായങ്ക് അഗർവാളിനൊപ്പം ഒന്നാം വിക്കറ്റിൽ കുന്നുമ്മൽ 24.4 ഓവറിൽ 181 റൺസാണ് കൂട്ടിച്ചേർത്തത്. അഗർവാൾ 63 റൺസും, ജഗദീശൻ 54 റൺസും എടുത്ത് കുന്നുമ്മലിന് മികച്ച പിന്തുണ നൽകി. ടൂർണമെൻ്റിൽ കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയമറിയാതെ ഫൈനലിലേക്ക് മുന്നേറിയ ടീമാണ് സൗത്ത് സോൺ. എല്ലാ മത്സരങ്ങളിലും ഓപ്പൺ ചെയ്യാൻ രോഹന് അവസരം ലഭിച്ചു. 70(61), 5(8), 87*(58), 18(22), 24(27) എന്നിങ്ങനെയാണ് സീസണിൽ രോഹൻ നേടിയ സ്കോറുകൾ.
ഇന്ന് തുടക്കം മുതലേ ആക്രമിച്ചു കളിച്ച രോഹൻ, സീനിയർ ഇന്ത്യൻ താരവും സൗത്ത് സോൺ നായകനുമായ മായങ്കിനെ ഒരു വശത്ത് കാഴ്ച്ചക്കാരനാക്കി നിർത്തി. ഈസ്റ്റ് സോൺ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച രോഹൻ, 75 പന്തിൽ നിന്നും 107 റൺസ് നേടിയാണ് പുറത്തായത്. 11 ബൗണ്ടറികളും 4 സിക്സുകളും നിറം ചാർത്തിയ ഇന്നിങ്സ്!
വീഡിയോ..