Categories
Uncategorized

പൊട്ടിത്തെറിക്കുന്ന ഗാലറിയെ സാക്ഷിയാക്കി പിച്ചിലേക്ക് രാജകീയ നടത്തം; സഞ്ജുവിൻ്റെ വൈറൽ വീഡിയോ കാണാം

അയർലൻഡ് പരമ്പരയിലെ ആദ്യ ട്വൻ്റി ട്വൻ്റിയിൽ ഇന്നലെ ഇന്ത്യ രണ്ട് റൺസിന് വിജയിച്ചിരുന്നു. ഡബ്ലിനിൽ നടന്ന മത്സരത്തിൽ മഴനിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ പേസർ ജസ്പ്രീത് ബുംറയുടെ കീഴിൽ ഇറങ്ങിയ ടീം ഇന്ത്യ, മത്സരത്തിൽ ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അയർലൻഡിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 59/6 എന്ന നിലയിൽ തകർന്ന അവരെ കരകയറ്റിയത്, 39 റൺസെടുത്ത കുർട്ടിസ് കംഫെറിൻ്റെയും 51 റൺസോടെ പുറത്താകാതെ നിന്ന ബാരി മക്കർത്തിയുടെയും ഇന്നിംഗ്സുകളാണ്. ഇന്ത്യൻ നിരയിൽ നായകൻ ബുംറ, അരങ്ങേറ്റ മത്സരം കളിക്കുന്ന പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌നോയി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ജൈസ്വാളും ഗയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 6.2 ഓവറിൽ 46 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് 24 റൺസെടുത്ത ജൈസ്വാൾ പുറത്താകുന്നത്. മൂന്നാമനായി ഇറങ്ങിയ തിലക് വർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അതോടെ പേസർ മക്കർത്തി ‘ഓൺ എ ഹാട്രിക്’ ആയി. എങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പർ മലയാളി താരം സഞ്ജു സാംസൺ, അനായാസം പന്ത് തേർഡ്മാനിലേക്ക് കളിച്ച് സിംഗിൾ നേടി. അപ്പോഴേക്കും മഴയെത്തിയതോടെ കളി തടസ്സപ്പെട്ടു.

മഴ നിയമപ്രകാരം 6.5 ഓവറിൽ ഇന്ത്യ പിന്നിടേണ്ട സ്കോർ 45/2 എന്നതായിരുന്നു. ഇന്ത്യയാകട്ടെ 6.5 ഓവറിൽ 47/2 എന്ന നിലയിൽ ആയിരുന്നു. മഴ ശക്തിപ്പെട്ടതോടെ മത്സരം പുനരാരംഭിക്കാൻ കഴിയാതെ വരികയും, ഇന്ത്യ 2 റൺസിന് വിജയിക്കുകയും ചെയ്തു. 4 ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ നായകൻ ബുംറ കളിയിലെ താരമായി.

അതിനിടെ മലയാളി താരം സഞ്ജു സാംസൺ ബാറ്റിങ്ങിന് ഇറങ്ങിയ വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ഒരുപാട് മലയാളികളുള്ള അയർലണ്ടിൽ സഞ്ജുവിനുള്ള പിന്തുണ മനസ്സിലാക്കി, അവിടത്തെ ക്രിക്കറ്റ് ബോർഡ് പരമ്പരയുടെ പരസ്യബോർഡുകളിൽ സഞ്ജുവിൻ്റെ ചിത്രമാണ് ഉപയോഗിച്ചത്. ഇന്നലെ സഞ്ജു വിക്കറ്റ് കീപ്പിങ് ചെയ്യുന്ന സമയത്ത് ഒരുപാട് സഞ്ജു.. സഞ്ജു.. വിളികൾ ഗാലറിയിൽ കേട്ടിരുന്നു. തുടർന്ന് നാലാമനായി ബാറ്റിങ്ങിന് എത്തിയ സമയം ഗാലറി ഇളകിവശായി. ഇന്ത്യൻ ടീമിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത പിന്തുണ!

വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *