ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ ലോകകപ്പ് പോരാട്ടത്തിൽ, ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുന്നു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ചാരിത്ത് അസാലങ്ക സെഞ്ചുറി നേടി.
അതിനിടെ മത്സരത്തിൽ അത്യന്തം നാടകീയമായ ഒരു സംഭവം അരങ്ങേറി. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു താരം ടൈംഡ് ഔട്ടായി പുറത്തായി. ശ്രീലങ്കയുടെ വെറ്ററൻ താരമായ എയ്ഞ്ചലോ മാത്യൂസാണ് ഈ രീതിയിൽ ദൗർഭാഗ്യകരമായി പുറത്തായത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു താരം പുറത്തായാൽ രണ്ട് മിനിറ്റ് സമയത്തിനുള്ളിൽ അടുത്ത കളിക്കാരൻ ക്രീസിൽ എത്തി ബാറ്റ് ചെയ്യാൻ തയ്യാറാകണം. അല്ലാത്തപക്ഷം ഫീൽഡിംഗ് ടീം അപ്പീൽ ചെയ്താൽ, അമ്പയർക്ക് ആ കളിക്കാരനെ ടൈംഡ് ഔട്ടായി പ്രഖ്യാപിക്കാൻ സാധിക്കും.
ബംഗ്ലാദേശ് നായകൻ ഷക്കിബ് അൽ ഹസൻ എറിഞ്ഞ ഇരുപത്തിയഞ്ചാം ഓവറിലെ രണ്ടാം പന്തിലാണ് സമരവിക്രമ പുറത്താകുന്നത്. തുടർന്ന് ഇറങ്ങിയ മാത്യൂസ് പയ്യെപ്പയ്യെ നടന്ന് ക്രീസിൽ എത്തി എന്ന് പറയാം. അതിൽതന്നെ കുറച്ച് സമയം നഷ്ടമായി. അതും പോരാഞ്ഞ് ഹെൽമെറ്റ് സ്ട്രാപ്പ് മുറുക്കിയപ്പോൾ അത് പൊട്ടുകയും ചെയ്തു.
തുടർന്ന് മറ്റൊരു ഹെൽമെറ്റ് ആവശ്യപ്പെട്ട് അദ്ദേഹം ക്രീസ് വിട്ടിറങ്ങി. അതോടെയാണ് ഷക്കിബ് അമ്പയറോട് അപ്പീൽ ചെയ്തത്. ആദ്യം അതൊരു തമാശ പറഞ്ഞതാണെന്ന് അമ്പയർ കരുതിയെങ്കിലും ഷക്കിബ് അതിൽ ഉറച്ചുനിന്നതോടെ ഔട്ട് വിളിക്കേണ്ടിവന്നു. മാത്യൂസ് ഒരുപാട് അപേക്ഷിച്ചു നോക്കിയെങ്കിലും കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, ബംഗ്ലാദേശ് അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല. അതോടെ നിരാശനായി മാത്യൂസ് ഡഗ് ഔട്ടിലേക്ക് മടങ്ങുന്നു.
വീഡിയോ..