Categories
Uncategorized

6,6,4,6 തീപ്പൊരി ഫിനിഷും ഇരട്ടസെഞ്ചുറി നേട്ടവും; വെൽ ഡൺ മാക്സി.. വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് നടന്നത്. ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ അവിശ്വസനീയ ഇരട്ടസെഞ്ചുറി നേട്ടത്തിൻ്റെ അകമ്പടിയോടെ ഓസ്ട്രേലിയ 3 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ഇതോടെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ഓസ്ട്രേലിയ ആണെന്ന് ഉറപ്പായി.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ടീം ഇബ്രാഹിം സദ്രാൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 91 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായി. ഇതോടെ, അഫ്ഗാൻ ടീം വിജയം ഉറപ്പിച്ചിരിക്കുന്ന നിമിഷത്തിലാണ് മാക്സ്വെൽ വിശ്വരൂപം പൂണ്ടത്. ഒരറ്റത്ത് മികച്ച പിന്തുണ നൽകി നായകൻ പാറ്റ് കമിൻസ്, പരമാവധി സ്ട്രൈക് അദ്ദേഹത്തിന് കൈമാറി.

എട്ടാം വിക്കറ്റിൽ ഇരുവരും വേർപിരിയാതെ 202 റൺസ് കൂട്ടിച്ചേർത്തത് ലോക റെക്കോർഡാണ്. ഇതിൽ നായകൻ കമിൻസിൻ്റെ സംഭാവന വെറും 12 റൺസ്. ഏകദിന ക്രിക്കറ്റിലെ എക്കാലവും ഓർമ്മിക്കപ്പെടും മാക്സ്വെല്ലിൻ്റെ ഈ മാരത്തോൺ ഇന്നിങ്സ്. റൺചേസിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരവുമായി അദ്ദേഹം. 128 പന്തിൽ നിന്നും 21 ഫോറും 10 സിക്‌സും അടക്കം 201 റൺസോടെയാണ് പുറത്താകാതെ നിന്നത്.

ബാറ്റിങ്ങിന് ഇടയിൽ പല തവണ നടക്കാൻ പോലുമാകാതെ പതറിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഒറ്റക്കാലിൽ നിന്നു ഷോട്ട് പായിച്ചും, വേച്ചുവച്ച് നടന്ന് സിംഗിൾ നേടിയും അദ്ദേഹം മുന്നോട്ടുപോയി. സ്പിന്നർ മുജീബ് റഹ്മാൻ എറിഞ്ഞ നാൽപ്പത്തിയേഴാം ഓവറിലെ രണ്ടാം പന്തിൽ സിക്സ്, മൂന്നാം പന്തിലും സിക്സ് എന്നിങ്ങനെ നേടിയ മാക്സി, അടുത്ത പന്തിൽ ഫോറും നേടിയതോടെ 195 റൺസിലെത്തി. ജയിക്കാൻ വേണ്ടത് 5 റൺസും. തുടർന്നുള്ള പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കൂറ്റൻ സിക്സ് നേടി ടീമിൻ്റെ വിജയവും ഇരട്ടസെഞ്ചുറി നേട്ടവും അദ്ദേഹം പൂർത്തിയാക്കി.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *