ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനവും ഒരു മാറ്റവുമില്ലാതെ അടി വാങ്ങിച്ചു കൂട്ടി പാകിസ്ഥാൻ ബൗളർമാർ. 4ന് 506 എന്ന നിലയിൽ ആരംഭിച്ച ഇംഗ്ലണ്ട് ഇതുവരെ എറിഞ്ഞ 10 ഓവറിൽ 71 റൺസ് നേടിയിട്ടുണ്ട്. ആക്രമണ ശൈലിയിൽ ബാറ്റ് വീശുന്നതിനിടെ 3 വിക്കറ്റ് കൂടി നഷ്ട്ടമായി. 85 ഓവറിൽ 7ന് 577 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
സാഹിദ് മഹമൂദ് എറിഞ്ഞ 83ആം ഓവറിൽ 27 റൺസ് നേടി ഹാരി ബ്രൂക്ക് റെക്കോർഡിട്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഒരു ഇംഗ്ലണ്ട് താരം നേടുന്ന ഏറ്റവും കൂടിയ റൺസാണിത്. ആദ്യ പന്തിൽ സിക്‌സും പിന്നാലെ ഹാട്രിക്ക് ഫോറും ശേഷം സിക്സുമാണ് ബ്രൂക്ക് പറത്തിയത്. അവസാന പന്തിൽ 3 റൺസ് ഓടിയെടുത്തു.
ഇന്നലെ ഒരോവറിൽ 6 പന്തും ഫോർ നേടി ബ്രൂക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്റ്റോക്‌സ്, ലിവിങ്സ്റ്റൺ, ബ്രൂക്ക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ട്ടമായത്. സ്റ്റോക്‌സ് 18 പന്തിൽ നിന്നും 41 റൺസും, ബ്രൂക്ക്‌സ് 153 റൺസും നേടിയാണ് പുറത്തായത്.
അരങ്ങേറ്റം കുറിച്ച ലിവിങ്സ്റ്റൺ 9 റൺസ് നേടി പുറത്തായി. പാകിസ്ഥാൻ വേണ്ടി നസീം ഷാ 3 വിക്കറ്റും മുഹമ്മദ് അലി 2 വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് 4 പേർ സെഞ്ചുറി നേടിയിട്ടുണ്ട്. സാക് ക്രോളി (122), ഡകറ്റ് (107), ഒലി പോപ്പ് (108).