റോഡ് സേഫ്റ്റി സീരീസിലെ ഇന്ത്യൻ ലെജന്ഡ്സും ന്യൂസിലാൻഡ് ലെജന്ഡ്സും തമ്മിൽ ഇന്നലെ നടന്ന മൽസരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു, വെറും 6 ഓവർ മാത്രമാണ് മത്സരം നടന്നത്, ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്, ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ റോസ്സ് ടെയ്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യക്കായി വിക്കറ്റ് കീപ്പർ നമൻ ഓജയും സച്ചിൻ ടെണ്ടുൽക്കറുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
മഴ കാരണം കളി മുടങ്ങിയത് കാണികളെ നിരാശപ്പെടുത്തിയെങ്കിലും, ക്രിക്കറ്റ് ദൈവം സച്ചിന്റെ മനോഹരമായ ഷോട്ടുകൾ കൺ കുളിർക്കെ കാണാൻ കാണികൾക്ക് സാധിച്ചു, 49 ആം വയസ്സിലും എങ്ങനെ ഇത്ര പൂർണതയോടെ ഓരോ ഷോട്ടും കളിക്കാൻ സാധിക്കുന്നു എന്നതാണ് ക്രിക്കറ്റ് പ്രേമികൾ ആശ്ചര്യത്തോടെ ചോദിക്കുന്നത്, 13 പന്തുകളിൽ നിന്ന് 4 ഫോറുകൾ ഉൾപ്പടെ 19* റൺസാണ് സച്ചിൻ അടിച്ചെടുത്തത്.
1983 എന്ന മലയാളം സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രം സച്ചിനെ വിമർശിച്ചപ്പോൾ അതിന് മറുപടിയായി അനൂപ് മേനോൻ അവതരിപ്പിച്ച വിജയ് എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട് “സച്ചിൻ 70 ആം വയസ്സിൽ കളിക്കാൻ പോകുന്ന സ്ട്രൈയിറ്റ് ഡ്രൈവ് നീ നിന്റെ ആയ കാലത്ത് കളിച്ചിട്ടുണ്ടോ” എന്ന്, പ്രായം എന്നത് വെറും നമ്പർ മാത്രമാണ് സച്ചിനെ സംബന്ധിച്ചിടത്തോളം എന്ന് തെളിയിക്കുകയാണ് താരം, ഇനിയൊരു 10 വർഷം കഴിഞ്ഞാലും ആ ബാറ്റിൽ നിന്നും ഇനിയും ഇതേ പോലെ മനോഹര ഷോട്ടുകൾ പിറക്കും, അന്നും ഇന്നും എന്നും ക്രിക്കറ്റിലെ ഒരേയൊരു രാജാവ് സച്ചിൻ മാത്രം.
Written By: അഖിൽ. വി.പി വള്ളിക്കാട്.