ലക്നൗവിൽ നടന്നുകൊണ്ടിരിക്കുന്ന
ആദ്യ ഏകദിന മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 92 റൺസ് നേടിയിട്ടുണ്ട്.
സിറാജ്, താക്കൂർ അടങ്ങിയ ബൗളിങ് നിര പിടിമുറുക്കിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ ഡിക്കോകും മലാനും പതുക്കെയാണ് നീങ്ങിയത്. പവർ പ്ലേ അവസാനിച്ചപ്പോൾ 28 റൺസ് മാത്രമാണ് സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്.
പതിമൂന്നാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് താക്കൂർ രംഗത്തെത്തി. 42 പന്തിൽ 22 റൺസ് നേടിയ മലാനെ അയ്യറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാമനായി എത്തിയ ക്യാപ്റ്റൻ ബാവുമയ്ക്ക് ഇത്തവണയും പിഴച്ചു. 12 പന്തുകൾ നേരിട്ട ബാവുമ താക്കൂറിന്റെ ഡെലിവറിയിൽ ബൗൾഡ് ആവുകയായിരുന്നു.
ഇന്ത്യൻ പര്യടനത്തിൽ ഇതുവരെ 4 ഇന്നിങ്സിൽ ബാറ്റ് ചെയ്ത ബാവുമ ഒരു തവണ പോലും രണ്ടക്കം കടന്നിട്ടില്ല. പിന്നാലെ ക്രീസിലെത്തിയ മാർക്രമിനെ അക്കൗണ്ട് തുറക്കും മുമ്പേ കൂടാരം കയറ്റി. തകർപ്പൻ ഡെലിവറിയിലൂടെ മാർക്രമിന്റെ ഡിഫെൻസ് ഭേദിച്ച് സ്റ്റംപ് ഇളക്കുകയായിരുന്നു. ക്രീസിൽ 45 പന്തിൽ 40 റൺസുമായി ഡിക്കോകും, 17 പന്തിൽ 13 റൺസുമായി ക്ലാസനുമാണ്.
മഴ കാരണം ഏറെ വൈകി ആരംഭിച്ച മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. 8 ഓവറാണ് പവർ പ്ലേ. ഋതുരാജും, രവി ബിഷ്നോയിയും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. നേരെത്തെ 2-1 ന് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മുൻനിര താരങ്ങൾ ടി20 ലോകക്കപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടതിനാൽ ധവാന്റെ നേതൃത്വത്തിൽ യുവതാരങ്ങളാണ് അണിനിരന്നിട്ടുള്ളത്.