ഏകദിന പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. വെറും 27.1 ഓവറിൽ 99 റൺസിന് അവർ ഓൾഔട്ട് ആകുകയായിരുന്നു. ആദ്യ മത്സരത്തിൽ 9 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടതോടെ പരമ്പര സമനിലയിലായി നിൽക്കുകയായിരുന്നു.
42 പന്തിൽ നാല് ബൗണ്ടറി അടക്കം 34 റൺസ് എടുത്ത ഹെൻറിച്ച് ക്ലാസ്സന് ഒഴികെ മറ്റാർക്കും അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. പേസർ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ബാക്കി എട്ട് വിക്കറ്റുകളും ഇന്ത്യൻ സ്പിൻ ത്രയം പങ്കിടുകയായിരുന്നു. കുൽദീപ് യാദവ് നാല് വിക്കറ്റും വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തിൽ വിക്കറ്റ് കീപ്പർ മലയാളി താരം സഞ്ജു സാംസന്റെ മികച്ച ഒരു ക്യാച്ചും ഉണ്ടായിരുന്നു. ഷഹബാസ് അഹമദ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ അപകടകാരിയായ ബാറ്റർ ഐഡൻ മാർക്രമാണ് പുറത്തായത്. ഡിഫൻസീവ് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റിൽ ഉരസി വന്ന പന്ത് സഞ്ജു അനായാസം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മറ്റ് സ്പിന്നർമാരെ അപേക്ഷിച്ച് അല്പം വേഗത്തിൽ പന്തെറിയുന്ന ഒരു സ്പിന്നറാണ് ഷഹബാസ്. എങ്കിലും മിന്നൽവേഗത്തിൽ ക്യാച്ച് എടുത്ത് സഞ്ജു തന്റെ കീപ്പിംഗ് സ്കിൽ തെളിയിച്ചു.
ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈർപ്പം മുതലാക്കാൻ ബോളർമാർക്ക് കഴിയുമെന്ന് തോന്നുന്നുവെന്ന് ധവാൻ പറഞ്ഞു. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ ഗ്രൗണ്ടിലെ ഈർപ്പം നിലനിന്നത് കൊണ്ട് മത്സരം അര മണിക്കൂർ വൈകിയാണ് ഇന്ന് ആരംഭിച്ചത്.
കഴിഞ്ഞ മത്സരം വിജയിച്ച ടീമിനെ അതേപടി ഇന്ത്യ നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി. വെയിൻ പാർണൽ, കാഗിസോ റബദ എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ ആൻഡിലെ ഫെലുക്വായോ, ലുങ്കി എങ്കിടി എന്നിവർ ടീമിലെത്തി. കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ച സ്പിന്നർ കേശവ് മഹാരാജിന് അസുഖം ബാധിച്ചതോടെ ഇന്ന് ഡേവിഡ് മില്ലർ ആണ് ടീമിനെ നയിക്കുന്നത്. മഹാരാജിന് പകരം പേസർ മാർക്കോ യൻസൻ ടീമിലെത്തി. അസുഖം മൂലം രണ്ടാം മത്സരം നഷ്ടപ്പെട്ട സ്ഥിരം നായകൻ ഭവുമയും സ്പിന്നർ ഷംസിയും ഇന്നും കളിക്കുന്നില്ല.
വീണ്ടും മിന്നൽ സഞ്ജു; അതിവേഗ ക്യാച്ച് എടുത്ത് സഞ്ജു സാംസൺ.. വീഡിയോ.