ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ടീം ഇന്ത്യ പരമ്പരയിൽ 1-1 ന് ഒപ്പമെത്തിയിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 45.5 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 9 റൺസിന്റെ വിജയം നേടിയിരുന്നു. ഇതോടെ ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇരു ടീമുകൾക്കും നിർണായകമായി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത
ദക്ഷിണാഫ്രിക്കക്ക് പവർപ്ലെയിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഹെൻറിക്ക്സും മർക്രവും ചേർന്ന് 129 റൺസിന്റെ മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു. 74 റൺസ് എടുത്ത ഹെൻറിക്‌സിന്റെയും 79 റൺസ് എടുത്ത മാർക്രത്തിന്റെയും മികവിൽ അവർ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. 10 ഓവറിൽ ഒരു മെയ്ഡൻ അടക്കം വെറും 38 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സിറാജ് ബോളർമാരിൽ മികച്ചുനിന്നു.
279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നായകൻ ധവാനെയും സഹ ഓപ്പണർ ഗില്ലിനെയും പവർപ്ലെയിൽ തന്നെ നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഉപനായകൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് 161 റൺസ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ രക്ഷിച്ചു. മത്സരത്തിൽ 84 പന്തിൽ 4 ഫോറും 7 സിക്‌സും അടക്കം 93 റൺസ് നേടിയ കിഷൻ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് പുറത്തായത്. മത്സരം നടന്ന റാഞ്ചി സ്റ്റേഡിയം കിഷന്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. ജാർഖണ്ഡ് സംസ്ഥാന ടീമിലെ താരമാണ് അദ്ദേഹം. എങ്കിലും ഇന്നലെ വെറും ഏഴ് റൺസ് അകലെ തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടം മിസ്സായത് കിഷന് നിരാശയായികാണും.
പിന്നീട് വന്ന വിക്കറ്റ് കീപ്പർ മലയാളി താരം സഞ്ജു വി സാംസൺ വൻ ഷോട്ടുകൾക്ക് ശ്രമിക്കാതെ സിംഗിളുകൾ എടുത്ത് നിലയുറപ്പിച്ചു. അതുമൂലം ശ്രേയസ് അയ്യരിന് തന്റെ കരിയറിലെ രണ്ടാം ഏകദിന സെഞ്ചുറിയിലേക്ക് എളുപ്പം എത്താൻ സാധിച്ചു. അയ്യർ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. 15 ഫോർ സഹിതം 111 പന്തിൽ 113 റൺസോടെ അയ്യരും 36 പന്തിൽ ഒരു ഫോറും ഒരു സിക്‌സും അടക്കം 30 റൺസ് എടുത്ത് സഞ്ജുവും പുറത്താകാതെ നിന്ന് ഇന്ത്യൻ ടീമിന്റെ വിജയം ഉറപ്പിച്ചു.
മത്സരശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ ഇഷാൻ തന്റെ ബാറ്റിംഗിനെ കുറിച്ച് വാചാലനായി. ചില താരങ്ങൾക്ക് സ്ട്രൈക്ക് റോറ്റേറ്റ് ചെയ്ത് കളിക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും, എന്നാൽ തന്റെ ശക്തി സിക്സ് അടിക്കുന്നതിലാണ്. തനിക്ക് നിസ്സാരമായി സിക്സുകൾ നേടാൻ കഴിയും, ഒരുപാട് പേർക്ക് അതിന് കഴിയില്ല. സിക്സ് അടിച്ച് പണി തീർക്കാൻ സാധിക്കുമെങ്കിൽ സ്ട്രൈക്ക് റോറ്റേറ്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചാലും സ്ട്രൈക്ക് റോറ്റേറ്റ് ചെയ്യാൻ സാധിക്കാത്ത ഒരു താരമെന്ന വിമർശനം പണ്ട് മുതൽക്കേ അദ്ദേഹത്തിനുണ്ട്. തനിക്ക് വേണമെങ്കിൽ 7 സിംഗിൾ കൂടി ഓടി എടുത്ത് കന്നി ഏകദിന സെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ കഴിയുമായിരുന്നു. എന്നാൽ തനിക്ക് രാജ്യത്തിന്റെ വിജയമാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ കരുത്ത് സിക്സ് അടിക്കുന്നതിൽ ആണെങ്കിൽ പിന്നെ ഔപചാരികതയുടെ പേരിൽ സ്ട്രൈക്ക് റോറ്റേറ്റ് ചെയ്യുന്നത് എന്തിനാണെന്നും കിഷൻ ചോദിക്കുന്നു.