ഓസ്ട്രേലിയ ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന് എട്ട് റൺസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്നു. ആദ്യ മത്സരത്തിൽ 8 റൺസിന്റെ വിജയം നേടിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ന് നിശ്ചിത ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. കാൻബറയിലാണ് മത്സരം നടക്കുന്നത്.
ഓപ്പണർമാരായ ബട്ലരും ഹൈൽസും പെട്ടെന്ന് മടങ്ങിയപ്പോൾ മൂന്നാമനായി വന്ന് ഡേവിഡ് മലൻ കിടിലൻ ബാറ്റിംഗ് പ്രകടനം നടത്തി. 49 പന്തിൽ നിന്നും 7 ഫോറും 4 സിക്സും അടക്കം 82 റൺസ് നേടിയാണ് പുറത്തായത്. മോയിൻ അലി 27 പന്തിൽ നിന്നും 44 റൺസ് നേടി അവസാന ഓവറുകളിൽ ബാറ്റിംഗ് വെടിക്കെട്ട് നടത്തി. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റോയിനിസ് മൂന്ന് വിക്കറ്റും സാംബ 2 വിക്കറ്റും വീഴ്ത്തി.
179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ മറുപടി നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറാൻ മികച്ചുനിന്നു. 45 റൺസ് എടുത്ത മിച്ചൽ മാർഷിനും 40 റൺസ് എടുത്ത ടിം ഡേവിഡിനും ഒഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.
മത്സരത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ബൗണ്ടറി ലൈനിൽ വച്ച് ഒരു അവിശ്വസനീയ സേവ് നടത്തി. സാം കറൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ആയിരുന്നു സംഭവം. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് മിചൽ മാർഷ്. ലോങ് ഓഫിലേക്ക് ഉയർത്തിയടിച്ച് സിക്സർ നേടാൻ ആയിരുന്നു ശ്രമം. എന്നാൽ അവിടെയുണ്ടായിരുന്ന സ്റ്റോക്സ് വായുവിൽ പറന്നുയർന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കി. ബാക്ക് ഫ്ലിപ് ചെയ്തു ബൗണ്ടറി കുഷണിലേക്ക് വീഴുന്നതിന് മുൻപ് പന്ത് തിരികെ ഗ്രൗണ്ടിലേക്ക് എറിഞ്ഞു. സിക്സ് ആകേണ്ടിയിരുന്നത് വെറും രണ്ട് റൺസിൽ ഒതുക്കി. അതിനുശേഷം കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു.
വീഡിയോ :