ട്വന്റി-20 ലോകകപ്പിനോട് അനുബന്ധിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു റീൽസ് വീഡിയോ പങ്ക് വെച്ചിരുന്നു, “നിങ്ങൾ ഇന്ത്യക്ക് വേണ്ടി തയ്യാറാണോ” എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ച വീഡിയോയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ഉള്ളത്.
എന്നാൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ വിരാട് കോഹ്ലി ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല, ഇത് കോഹ്ലി ആരാധകരെ ചൊടിപ്പിച്ചു, ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ തന്നെ ബ്രാൻഡ് ആയ കോഹ്ലിയെ ഈ വീഡിയോയിൽ നിർബന്ധമായും ഉൾപ്പെടുത്തണമായിരുന്നു എന്നാണ് ചില ആരാധകർ പറയുന്നത്, കോഹ്ലിയെ മനഃപൂർവം ഒഴിവാക്കിയതാണ് എന്നുള്ള ആരോപണങ്ങളും ചില ആരാധകർ ഉന്നയിക്കുന്നുണ്ട്, എന്നാൽ മറ്റ് ചില ആരാധകർ പറയുന്നത് ഇത്തരം വീഡിയോകളിൽ ഇല്ലാത്തത് ഒന്നും കാര്യമാക്കണ്ട ലോകകപ്പിൽ കോഹ്ലി തിളങ്ങും അതിനായി കാത്തിരിക്കൂ എന്നുമാണ്.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ ഒക്ടോബർ 23 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ആണ്, മെൽബണിൽ ആണ് മൽസരം നടക്കുക, വിജയത്തോടെ ലോകകപ്പിന് തുടക്കം കുറിക്കാൻ ഇരു ടീമുകളും ഇറങ്ങുമ്പോൾ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പാണ്.