വൻ നാടകീയ മുഹൂർത്തങ്ങൾക്ക് ഒടുവിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. ജയപരാജങ്ങൾ മിന്നിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ ഇന്ത്യ 4 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. 4ന് 31 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ കോഹ്ലിയും ചേർന്ന് കരകയറ്റുകയായിരുന്നു.
അവസാന 5 ഓവറിൽ 60 റൺസ് ജയിക്കാൻ വേണമെന്ന ഘട്ടത്തിൽ നിന്ന് കോഹ്ലിയുടെ വെടികെട്ടിൽ 2 ഓവറിൽ 31 എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. തുടക്കത്തിൽ ആക്രമിച്ച് കളിച്ച ഹർദിക് അവസാനത്തിൽ മങ്ങിയത് ഇന്ത്യൻ ജയം നഷ്ട്ടപ്പെടുമെന്ന് കരുതിയെങ്കിലും കോഹ്ലിയുടെ വെടിക്കെട്ട് ഇന്ത്യയ്ക്ക് രക്ഷയായി.
ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറിൽ 15 റൺസ് നേടി അവസാന ഓവറിൽ 16 എന്ന നിലയിലേക്ക് എത്തിച്ചു. അവസാന 3 പന്തിൽ 13 റൺസ് വേണമെന്നപ്പോൾ നോ ബോൾ സിക്സ് പോയതും വഴിതിരിവായി. പിന്നാലെ ഫ്രീ ഹിറ്റിൽ ബൗൾഡ് ആയി 3 റൺസ് ഓടി എടുത്തതും മറ്റൊരു നാടകീയ രംഗത്തിന് വഴിവെച്ചു. കോഹ്ലി 53 പന്തിൽ 82 റൺസ് പുറത്താകാതെ നിന്നു. 37 പന്തിൽ 40 റൺസ് നേടിയ ഹർദികും ടീം ജയത്തിൽ നിർണായക സംഭാവന നൽകി. ഹർദികും കോഹ്ലിയും ചേർന്ന് 113 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്.
നേരത്തെ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് പാകിസ്ഥാൻ 159 റൺസ് നേടിയത്. 42 പന്തിൽ 52 റൺസ് നേടിയ മസൂദും 34 പന്തിൽ 51 റൺസ് നേടിയ ഇഫ്തിക്കാർ അഹ്മദുമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്. ആദ്യ 10 ഓവറിൽ 60 റൺസ് മാത്രം നേടിയ പാകിസ്ഥാൻ അവസാന 10 ഓവറിൽ 99 റൺസ് അടിച്ചു കൂട്ടി.
8 പന്തിൽ 16 നേടിയ ഷഹീൻ അഫ്രീദി ഇന്ത്യയ്ക്ക് അപ്രതീക്ഷിത അടിയാണ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് അരങ്ങേറ്റകാരൻ അർഷ്ദീപ് സിങ് 3 വിക്കറ്റും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി. 1 വിക്കറ്റ് നേടി 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വർ കുമാറും മികച്ച പ്രകടനം പുറത്തെടുത്തു.