ആരാധകരെ ഏറെ ത്രില്ലടിപ്പിച്ച ചെയ്‌സിങ്ങിലെ അവസാന ഓവറിൽ ഫ്രീഹിറ്റിൽ ബൗൾ ആയതും തുടർന്ന് 3 റൺസ് ഓടിയെടുത്തതും ആരാധകരിലും താരങ്ങളിലും ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. നോ ബോൾ സിക്സിന് പിന്നാലെ ലഭിച്ച ഫ്രീ ഹിറ്റിൽ സ്പിന്നർ നവാസിനെതിരെ സ്ലോഗ് കളിച്ചെങ്കിലും ബാറ്റിൽ കൊള്ളാതെ സ്റ്റംപിൽ പതിക്കുകയായിരുന്നു. സ്റ്റംപിൽ കൊണ്ട പന്ത് ഷോർട്ട് തേർഡ് മാനിലൂടെ കടന്ന് പോവുകയും ചെയ്തു.
ഫ്രീഹിറ്റ് ആയതിനാൽ ലഭിച്ച അവസരം മുതലാക്കി കോഹ്ലിയും കാർത്തിക്കും 3 റൺസ് ഓടിയെടുത്തു. എന്നാൽ ബൗൾഡ് ആയതിനാൽ ഒടിയെടുത്ത റൺസ് ഉണ്ടോ എന്ന സംശയവുമായി പാകിസ്ഥാൻ താരങ്ങൾ അമ്പയറെ സമീപിച്ചു. ഡെഡ് ബോളായി വിധിക്കേണ്ടേ എന്നായിരുന്നു പാകിസ്ഥാൻ താരങ്ങളുടെ ചോദ്യം. എന്നാൽ അമ്പയർ ഇന്ത്യയുടെ 3 റൺസിൽ ശരിവെക്കുകയായിരുന്നു.
ഏതായാലും 3 പന്തിൽ 5 റൺസ് ആവശ്യം ഉണ്ടായിരുന്ന ഇന്ത്യയ്ക്ക് 3 റൺസ് ലഭിച്ചത് ഏറെ ആശ്വാസം പകർന്നിരുന്നു. അതേസമയം മത്സരത്തിൽ കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ എന്നിനാണ് മെൽബണ് സാക്ഷ്യം വഹിച്ചത്. 53 പന്തിൽ 82 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്.
ഒരു ഘട്ടത്തിൽ 42 പന്തിൽ 46 റൺസ് ഉണ്ടായിരുന്ന കോഹ്ലി അവസാന 11 പന്തിൽ 36 റൺസ് അടിച്ചു കൂട്ടിയിരുന്നു. അവസാന 2 ഓവറിൽ ഇത്രയും നാൾ ആരാധകർ കാണാൻ കൊതിച്ച കോഹ്ലിയെയാണ് കണ്ടത്. വെടിക്കെട്ട് താരം ഹർദിക് പാണ്ഡ്യ അവസാനത്തിൽ മങ്ങിയപ്പോൾ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേന്തിയാണ് കോഹ്ലി ജയത്തിലേക്ക് നയിച്ചത്.
160 റൺസ് ചെയ്‌സിങ്ങിൽ ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, തുടക്കത്തിൽ തന്നെ കെ. എൽ രാഹുലിനെയും (4) രോഹിത്തിനെയും (4) ഇന്ത്യക്ക് നഷ്ടമായി, പിന്നാലെ സൂര്യകുമാർ യാദവിനെയും (15) അക്സർ പട്ടേലിനെയും (2) മടങ്ങിയതോടെ 31/4 എന്ന നിലയിൽ ഇന്ത്യൻ മുൻ നിര തകർന്നടിഞ്ഞിരുന്നു.