അത്യന്തം നാടകീയത നിറഞ്ഞ ഒരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം കൂടി കടന്നുപോയിരിക്കുകയാണ്. ഇന്നലെ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ 90,293 കാണികൾക്ക് മുന്നിൽ ഇരുടീമുകളും തീപാറുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ ഇരു ടീമുകളുടെയും ആദ്യ മത്സരത്തിൽ 4 വിക്കറ്റിന് ആയിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.
അവസാന പന്തിലായിരുന്നു ഇന്ത്യ വിജയറൺ നേടിയത് എന്നതിൽ നിന്നുതന്നെ മത്സരം എത്രത്തോളം ആവേശകരമായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയപ്പോൾ 82 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെ എക്കാലത്തെയും മികച്ച ഒരു 20-20 ഇന്നിംഗ്സിന്റെ ബലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
6 ഓവറിൽ 31/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കോഹ്‌ലിയും ഹർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അവസാന 8 പന്തിൽ 28 റൺസ് വേണമെന്നിരിക്കെ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ സിക്സ് നേടി കോഹ്‌ലി മത്സരം ഇന്ത്യയിലേക്ക് അടുപ്പിച്ചു. എങ്കിലും മുഹമ്മദ് നാവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ 40 റൺസ് എടുത്ത പാണ്ഡ്യ മടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധി നേരിടേണ്ടിവന്നു.
എങ്കിലും നേരിട്ട ആദ്യ പന്തിൽ തന്നെ ദിനേശ് കാർത്തിക് സിംഗിൾ എടുത്ത് കോഹ്‌ലിക്ക് സ്ട്രൈക്ക് കൈമാറി. മൂന്നാം പന്തിൽ ഡബിൾ ഓടിയ കോഹ്‌ലി നാലാം പന്തിൽ സിക്സ് നേടുകയും ചെയ്തു. അത് നോബോൾ കൂടി ആകുകയും ചെയ്തു. അടുത്ത പന്തിൽ വൈഡ്. ഫ്രീഹിറ്റ് ബോളിൽ കോഹ്‌ലി ക്ലീൻ ബോൾഡ് ആയെങ്കിലും വിക്കറ്റിൽ തട്ടി പിന്നിലേക്ക് പോയ പന്തിൽ കോഹ്‌ലി മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. അഞ്ചാം പന്തിൽ കാർത്തിക് സ്റ്റമ്പെഡ് ആയി പുറത്തായി എങ്കിലും പിന്നീടു വന്ന അശ്വിൻ കൂളായി നിന്ന് ആദ്യം ഒരു വൈഡ് ലഭിക്കുകയും ചെയ്തു. ഒരു ബോളിൽ ഒരു റൺ വേണ്ടപ്പോൾ മിഡ് ഓഫിന് മുകളിലൂടെ പന്ത് കോരിയിട്ടു അശ്വിൻ വിജയറൺ നേടി.
അവസാന ഓവറിൽ പല നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. നാലാം പന്തിൽ ഹൈ ഫുൾടോസ് ബോളിൽ കോഹ്‌ലി നേടിയ സിക്സ്, നോബോൾ അല്ലെന്നു പറഞ്ഞു പാക്കിസ്ഥാൻ താരങ്ങൾ ഒരുപാട് നേരം അപ്പീൽ ചെയ്തെങ്കിലും അമ്പയർമാർ നോബോൾ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ മത്സരം തുടർന്നു. പിന്നീട് ഫ്രീഹിറ്റ് ബോളിൽ കോഹ്‌ലി ക്ലീൻ ബോൾഡ് ആയെങ്കിലും വിക്കറ്റിൽ തട്ടി പിന്നിലേക്ക് പോയപ്പോൾ കോഹ്‌ലി ട്രിപ്പിൾ ഓടിയതിന് എതിരെയും അവർ പരാതിപ്പെട്ടു. വിക്കറ്റിൽ കൊണ്ടാൽ അത് ഡെഡ് ബോൾ ആയിപ്പോയല്ലോ എന്നാണ് അവർ വാദിച്ചത്. എങ്കിലും ബോളറുടെയോ വിക്കറ്റ് കീപ്പറുടെയോ കയ്യിൽ എത്തിയാലെ പന്ത് ഡെഡ് ബോൾ ആകുകയുള്ളുവെന്നു അമ്പയർമാർ വ്യക്തമാക്കി.
മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പാക്കിസ്ഥാൻ ആരാധകരുടെ വൻ പ്രതിഷേധപ്രകടനങ്ങൾക്ക് വേദിയാകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഐസിസിയെ നിരോധിക്കണം എന്നും, ഇന്ത്യക്ക് വേണ്ടി അമ്പയർമാർ ഒത്തുകളിച്ചു എന്നുമൊക്കേയാണ് അവർ പറയുന്നത്. മത്സരശേഷം മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഒരു പാക്ക് ആരാധകൻ പാക്കിസ്ഥാൻ തോറ്റ ദേഷ്യത്തിൽ തന്റെ വീട്ടിലെ ടിവി എറിഞ്ഞ് ഉടക്കുന്നത് കാണാമായിരുന്നു. സുഹൃത്തെ, ഇത് വെറും ഒരു മത്സരം മാത്രമാണ് എന്നായിരുന്നു സെവാഗ് അതിനുതാഴെ പറഞ്ഞത്.