ഞായറാഴ്ച മെൽബണിൽ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ചിരവൈരികളെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. അവസാന ഡെലിവറി വരെ നീണ്ടുനിന്ന പോരാട്ടത്തിൽ, 1 പന്തിൽ 1 റൺസ് എന്ന ഘട്ടത്തിൽ അശ്വിൻ സിംഗിൾ നേടി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
ഇന്നിംഗ്‌സിന്റെ മോശം തുടക്കത്തിന് ശേഷം ഇന്ത്യൻ തിരിച്ചുവരവിന് നേതൃത്വം നൽകിയത് വിരാട് കോഹ്‌ലിയും ഹർദിക് പാണ്ഡ്യയുമാണ്, കോഹ്ലി വെറും 53 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നു.
6.1 ഓവറിൽ 31/4 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കററ്റിൽ കോഹ്ലിയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് കരകയറ്റിയത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, അതിൽ ഹാർദിക് 40 റൺസ് നേടി. തുടക്കത്തിൽ ആക്രമിച്ച് കളിച്ച പാണ്ഡ്യ അവസാനത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ടീമിനായി നിർണായക 40 റൺസാണ് ഓൾ റൗണ്ടർ നേടി കൊടുത്തത്. ബൗളിങ്ങിൽ 3 വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ ഇന്ത്യൻ ജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.
അതേസമയം മത്സരത്തിന് പിന്നാലെ സ്റ്റാർ സ്പോർട്സുമായി സംസാരിക്കുന്നതിനിടെ വികാരാധീനനായിരുന്നു. മരിച്ച് പോയ അച്ഛൻ തനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളെ പറഞ്ഞുകൊണ്ടായിരുന്നു പാണ്ഡ്യ വികാരഭരിധനായത്. ഇതിന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലാവുകയും ചെയ്തു.
“അദ്ദേഹം എനിക്ക് അവസരം തന്നില്ലെങ്കിൽ ഞാൻ ഇവിടെ വരെ എത്തിലായിരുന്നു. അച്ഛൻ വലിയ ത്യാഗം ചെയ്തു, അദ്ദേഹം തന്റെ കുട്ടികൾക്കായി മറ്റൊരു നഗരത്തിലേക്ക് മാറി. ഞാൻ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു, പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. അന്ന് ഞങ്ങൾക്ക് ആറ് വയസ്സായിരുന്നു, അദ്ദേഹം ഒരു നഗരം മുഴുവനും അദ്ദേഹത്തിന്റെ മുഴുവൻ ബിസിനസ്സും മാറ്റി. അതൊരു വലിയ കാര്യമായിരുന്നു. ഞങ്ങൾ ഈ നിലയിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത സമയത്തായിരുന്നു അങ്ങനെയൊരു ത്യാഗം” – ഹർദിക് പറഞ്ഞു.