2006 ഡിസംബർ, രഞ്ജി ട്രോഫി സീസണിലെ രണ്ടാം മത്സരത്തിൽ ഡൽഹി കർണാടകയെ നേരിടുന്നു, ആദ്യം ബാറ്റ് ചെയ്ത കർണാടക കൂറ്റൻ സ്കോർ നേടുന്നു, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്ക്ക് മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമാകുന്നു, പിന്നീട് ക്രീസിലെത്തിയെ 18 വയസ്സുകാരൻ ഡൽഹിയുടെ രക്ഷയ്ക്കായി എത്തുന്നു, തന്റെ രണ്ടാം രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയ സാക്ഷാൽ വിരാട് കോഹ്ലി ആയിരുന്നു ആ ചെറുപ്പക്കാരൻ.
ആ ദിനം പുറത്താകാതെ ക്രീസിൽ നിന്ന കോഹ്ലിയെ തേടി ഒരു ദുഃഖ വാർത്ത വരുന്നു, അച്ഛന്റെ അസുഖം മൂർച്ഛിച്ചിരുന്നു, പെട്ടന്ന് തന്നെ അച്ഛന്റെ അരികിലെത്തിയ കോഹ്ലിയുടെ മടിയിൽ കിടന്ന് തന്നെ ക്രിക്കറ്റിനെ സ്നേഹിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച തന്റെ എല്ലാമെല്ലാമായ പിതാവിന്റെ വിയോഗം, ഒരു പതിനെട്ടുകാരൻ പയ്യൻ മാനസികമായി തകർന്ന് പോകുന്ന നിമിഷം, ഡൽഹി ടീ സ്നേഹത്തോടെ കോഹ്ലിക്ക് അവധി നൽകി, എന്നാൽ തന്റെ പിതാവിന് കൊടുക്കാവുന്ന ഏറ്റവും വലിയ വിട വാങ്ങൽ സമ്മാനം താൻ ഡൽഹിക്ക് വേണ്ടി ആ മത്സരം പൂർത്തിയാക്കുക എന്നത് ആണെന്ന് തിരിച്ചറിഞ്ഞ കോഹ്ലി പിറ്റേന്ന് മത്സരത്തിനിറങ്ങി, തോൽവി ഉറപ്പിച്ച മത്സരം അയാൾ സമനിലയിൽ ആക്കി, വിജയത്തെക്കാൾ മൂല്യമുള്ള സമനില, ക്രിക്കറ്റിനെ സ്നേഹിക്കാൻ പഠിപ്പിച്ച തന്റെ അച്ഛന് ഇതിനേക്കാൾ വലിയൊരു സമ്മാനം ആ മകന് കൊടുക്കാനുണ്ടായിരുന്നില്ല, അച്ഛന്റെ ഓർമ ദിവസമായ ഡിസംബർ “18” എന്നത് ഇന്നും നമുക്ക് ആ ജേഴ്സിയിലെ നമ്പർ ആയി കാണാം, അയാൾക്ക് അത് വെറുമൊരു നമ്പർ മാത്രമല്ല തന്റെ ജീവിതം തന്നെ ആയിരുന്നു.
15 വർഷങ്ങൾക്കിപ്പുറം ട്വന്റി-20 ലോകകപ്പിലെ വാശിയേറിയ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ അയാൾ ഒറ്റയ്ക്ക് ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ ചുമലിലേറ്റി, ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു, മത്സരം പൂർത്തിയാക്കി ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോൾ അയാൾ കണ്ണീർ പൊഴിച്ച് കൊണ്ട് ബാറ്റുയർത്തി മുകളിലേക്ക് നോക്കി, തന്റെ അച്ഛൻ എല്ലാം മുകളിൽ നിന്ന് കാണുന്നുണ്ടായിരുന്നു.
പ്രശസ്ത ക്രിക്കറ്റ് കമന്റെറ്റർ ഹർഷ ബോഗലെ പറഞ്ഞത് പോലെ വർഷങ്ങളായി താൻ കോഹ്ലിയെ കാണുന്നു പക്ഷെ ഇത്ര വികാരാധീനനായി കാണപ്പെട്ടത് ആദ്യമായാണ്, ഒരു പക്ഷെ അത് അയാൾ തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അച്ഛന് കൊടുത്ത വാക്കായിരിക്കും “ഞാൻ തിരിച്ച് വരും അച്ഛാ രാജ്യത്തിന് വേണ്ടി വലിയ യുദ്ധങ്ങൾ ജയിച്ച് കൊണ്ട്” മെൽബണിലെ ആ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ നിന്ന് തന്റെ മകന്റെ ഈ ഉജ്വല പ്രകടനം പ്രേം കോഹ്ലിയും നമ്മളെ പോലെ തന്നെ ആവോളം ആസ്വദിച്ചിട്ടുണ്ടാകും.
ട്വന്റി-20 ലോകകപ്പ് ടീ സെലക്ഷനിൽ ഫോമിലല്ലാത്ത കോഹ്ലിയെ ഉൾപെടുത്തിയതിനെതിരെ പലരും നെറ്റി ചുളിച്ചു, അയാൾ ടീമിന് ബാധ്യത ആകും എന്ന് വരെ അഭിപ്രായം പറഞ്ഞു, അന്ന് വരെ രാജ്യത്തിന് വേണ്ടി അയാൾ നേടി തന്ന വിജയങ്ങൾ എല്ലാവരും പാടെ വിസ്മരിച്ചു, തന്റെ കരിയറിലെ ഏറ്റവും മോശം വർഷങ്ങളിലൂടെ ആയിരുന്നു കോഹ്ലി ആ സമയം കടന്ന് പോയി കൊണ്ടിരുന്നത്, മെൽബണിലെ കാണികളുടെ സാന്നിധ്യത്തിൽ മത്സര ശേഷം കോഹ്ലി നിറകണ്ണുകളോടെ പറഞ്ഞു ” ഞാൻ തകർന്ന് പോയപ്പോൾ നിങ്ങളാണ് എന്റെ കൂടെ നിന്നത് നിങ്ങളോടാണ് എനിക്ക് കടപ്പാടുള്ളത്” എന്ന്.
മത്സരത്തിന്റെ നിർണായക പത്തൊമ്പതാം ഓവറിൽ പാകിസ്താന്റെ പ്രീമിയം ഫാസ്റ്റ് ബോളർ ഹാരിസ് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ കോഹ്ലി അടിച്ച സിക്സ് സാക്ഷാൽ സച്ചിനെപ്പോലും അത്ഭുതപ്പെടുത്തി, ആ 2 സിക്സുകളാണ് കളി അവസാന ഓവറിലേക്ക് എത്തിക്കാൻ ഇന്ത്യയെ സഹായിച്ചത്, ഹാർഡ് ഹിറ്ററായ ഹാർദിക്കിന് പോലും റൗഫ് എറിഞ്ഞ പന്തുകൾക്ക് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല.
രാജാവിനെ വീഴ്ത്താതെ വിജയം സ്വപ്നം കണ്ടവരെപ്പോലെ ആയിരുന്നു പാക്കിസ്ഥാൻ, തന്റെ അച്ഛൻ മരിച്ചപ്പോൾ പോലും കൈ വിറക്കാതെ ബാറ്റ് ചെയ്ത പതിനെട്ടുകാരൻ പയ്യനിൽ നിന്ന് ഒരു കംപ്ലീറ്റ് ക്രിക്കറ്റർ ആയ 33കാരന് ഹാരിസ് റൗഫ് എറിഞ്ഞ തീയുണ്ട കണക്കെയുള്ള ബോളിനെ മെൽബണിലെ കാണിക്കൾക്കിടയിലേക്ക് പറഞ്ഞയക്കാൻ അയാളിലെ ആത്മവിശ്വാസം തന്നെ ധാരാളമായിരുന്നു, 2007 ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യക്കാർ വീണ്ടുമൊരു ലോകകപ്പ് കിരീടം സ്വപ്നം കാണുകയാണ്, ആ സ്വപ്നത്തിന് കാരണം “വിരാട് കോഹ്ലി” എന്ന ഒറ്റ പേര് മാത്രം മതിയാകും.
Written By: അഖിൽ. വി.പി. വള്ളിക്കാട്.