മത്സരം അവസാനിച്ചിട്ട് ഏകദേശം 24 മണിക്കൂർ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിന്റെ മാറ്റൊലികൾ ഒരു ഇന്ത്യക്കാരന്റെയും മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. അത്രക്ക് വാശിയേറിയതും കാണികളെ പിടിച്ചിരുത്തുന്നതുമായ ഒരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമായിരുന്നു ഇന്നലെ ഓസ്ട്രേലിയയിലെ മെൽബണിൽ നടന്നത്. ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ വിജയം.
അവസാന പന്തുവരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ മെൽബൺ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 90,293 കാണികൾക്ക് മുന്നിൽവച്ച് തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഒരു ട്വന്റി ട്വന്റി ഇന്നിങ്സ് പ്രദർശിപ്പിച്ച സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം. 53 പന്തിൽ നിന്നും 6 ഫോറും 4 സിക്‌സും അടക്കം 82 റൺസ് എടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. ഷാൻ മസൂദ്, ഇഫ്ത്തിക്കാർ അഹമ്മദ് എന്നിവർ അർദ്ധസെഞ്ചുറി നേടി തിളങ്ങി. ഇന്ത്യക്കായി അർഷദീപ് സിംഗും ഹാർദ്ധിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷമിയും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിൽ 6 ഓവറിൽ 31/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കോഹ്‌ലിയും ഹർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 113 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ ആയിരുന്നു 40 റൺസ് എടുത്ത പാണ്ഡ്യ പുറത്തായത്. പതിവ് അറ്റാക്കിംഗ് ശൈലി വിട്ട് വിക്കറ്റ് നഷ്ടമാകാതെ നിന്നു കളിച്ച ഹാർധിക്കിന്റെ ഇന്നിംഗ്സും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഒരു ഘട്ടത്തിൽ 8 പന്തിൽ നിന്നും 28 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇന്ത്യ പരാജയം ഉറപ്പിച്ചു എന്ന് പലരും ചിന്തിച്ച നിമിഷങ്ങൾ.. പക്ഷേ, ക്രീസിൽ നിലയുറപ്പിച്ചിരുന്നത് ചെയ്സ് മാസ്റ്റർ എന്ന വിളിപ്പേരുള്ള വിരാട് കോഹ്‌ലിയായിരുന്നു. താൻ എന്തുകൊണ്ടാണ് അങ്ങനെ ഒരു വിശേഷണത്തിന് അർഹനായത് എന്ന് ഒരിക്കൽകൂടി വ്യക്തമാക്കിയ ഇന്നിങ്സ് ആയിരുന്നു അദ്ദേഹം ഇന്നലെ കളിച്ചത്. ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ സിക്സ് നേടി കോഹ്‌ലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.
പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിൽ അദ്ദേഹം നേടിയ സിക്സ് ഏറ്റവും നന്നായി ആസ്വദിച്ചത് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന പാണ്ഡ്യയായിരുന്നു. മെൽബണിലെ താരതമ്യേന നീളം കൂടിയ ഗ്രൗണ്ടിൽ കോഹ്‌ലി മികച്ചൊരു സ്ട്രൈറ്റ് സിക്സ് അടിക്കുകയായിരുന്നു. അത് കണ്ട പാണ്ഡ്യ കോഹ്‌ലിയെ കുമ്പിട്ട് വണങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗാലറിയിൽ ഉണ്ടായിരുന്ന ഏതോ ഒരു ആരാധകൻ എടുത്തതാണ് ആ വീഡിയോ. പാണ്ഡ്യ അന്നേരം ചെയ്ത പ്രവർത്തി ഓരോ ഇന്ത്യക്കാരനും ആ നിമിഷം മനസ്സുകൊണ്ട് ചെയ്യുകയായിരുന്നു. അത്രക്ക് വിലപ്പെട്ടതായിരുന്നു പാക്കിസ്ഥാന് എതിരെ ഇന്ത്യക്ക് കോഹ്‌ലിയുടെ വക ആ ഇന്നിങ്സ്!!!
വീഡിയോ :