ക്രിക്കറ്റിലെ തന്നെ വിരളമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സൗത്താഫ്രിക്ക സിംബാബ്‌വെ തമ്മിലുള്ള മത്സരം. വിക്കറ്റ് കീപ്പർ ഡികോക്കിന്റെ നിസാരമായ അശ്രദ്ധ കാരണം മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 5 ബൈ റൺസ് വഴങ്ങേണ്ടി വന്നു. നോർജെ എറിഞ്ഞ ഒമ്പതാം ഓവറിലാണ് സംഭവം അരങ്ങേറിയത്.
സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ശുമ്പ നോർജെയുടെ ഡെലിവറി തേർഡ് മാനിലൂടെ കടത്തി സിംഗിൾ നേടുകയായിരുന്നു. ബൗണ്ടറി ലൈനിന് അരികിൽ ഉണ്ടായിരുന്ന എങ്കിടിയ്ക്കായിരുന്നു പന്ത് ലഭിച്ചത്. ഉടനെ വിക്കറ്റ് കീപ്പർ ഡിക്കോകിനായി എറിഞ്ഞു കൊടുത്തു. ഡിക്കോക് പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്.
ഡിക്കോകിന്റെ കൈയിലെ ഗ്ലൗവ് പന്ത് പിടിക്കുന്നതിന് മുമ്പായി ഗ്രൗണ്ടിൽ വീഴുകയും എങ്കിടി എറിഞ്ഞ പന്ത് കൃത്യമായി അതിൽ കൊള്ളുകയും ചെയ്തു. ഇതോടെയാണ് 5 റൺസ് പിഴയായി വിധിച്ചത്. അമ്പയർ 5 റൺസ് വിധിച്ചത് ആദ്യം സൗത്താഫ്രിക്കൻ താരങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും പിന്നീട് ബിഗ് സ്ക്രീനിൽ റീപ്ലേ കാണിച്ചതോടെയാണ് കാര്യം മനസ്സിലായത്.
മത്സരത്തിൽ മഴക്കാരണം സൗത്താഫ്രിക്കയ്ക്ക് ജയം നഷ്ടപ്പെട്ടു. 79 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക മഴ ഭീഷണിയുള്ളതിനാൽ അതിവേഗം ജയത്തിലേക്ക് കുതിക്കാൻ ശ്രമിച്ചുവെങ്കിലും 3 ഓവർ പൂർത്തിയായതിന് പിന്നാലെ മഴയെത്തുകയായിരുന്നു. മഴക്കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. 9 ഓവറായി മത്സരം ചുരുക്കുകയും ചെയ്തിരുന്നു.
3 ഓവറിൽ സൗത്താഫ്രിക്ക 51 റൺസാണ് അടിച്ചു കൂട്ടിയത്. ഡിക്കോക് 18 പന്തിൽ 1 സിക്‌സും 8 ഫോറും ഉൾപ്പെടെ 47 റൺസ് നേടി. ബാവുമ 2 പന്തിൽ 2 റൺസും. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ബൗളിങ്ങിൽ എങ്കിടി 2 വിക്കറ്റും പാർണൽ, നോർജെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.