ഇന്നലെ നടന്ന ട്വന്റി ട്വന്റി ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ ആവേശവിജയം നേടിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇരു ടീമുകളുടെയും ആരാധകരുടെ പരസ്പരമുള്ള വാഗ്വാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മത്സരത്തിൽ ഒരുപാട് നാടകീയത നിറഞ്ഞ വിവാദനിമിഷങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യക്ക് 3 പന്തിൽ 13 റൺസ് വിജയലക്ഷ്യം ഉണ്ടായിരിക്കെ വിരാട് കോഹ്‌ലി ഒരു ഹൈ ഫുൾടോസ് ബോളിൽ സിക്സ് നേടിയിരുന്നു. അത് അമ്പയർമാർ നോബോൾ കൂടി വിളിച്ചതോടെ പാക്ക് താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോഹ്‌ലി ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് ഷോട്ട് കളിച്ചുവെന്നും അത് ഒരിക്കലും നോബോൾ ആവില്ലെന്നും വാദിച്ച അവരെ ഒരുവിധത്തിൽ സമാധാനിപ്പിച്ച് അമ്പയർമാർ തിരികെ അതാത് ഫീൽഡിംഗ് പൊസിഷനുകളിലേക്ക് തിരിച്ചയച്ചു.
തുടർന്ന് ഫ്രീഹിറ്റ് ബോളിൽ കോഹ്‌ലി ക്ലീൻ ബോൾഡായി. പക്ഷേ നിയമപ്രകാരം ഫ്രീഹിറ്റ് ബോളിൽ റൺഔട്ട് മാത്രമേ സാധ്യമായ പുറത്താക്കൽ രീതി ഉള്ളൂ. അതുകൊണ്ട് തന്നെ വിക്കറ്റിൽ തട്ടി പിന്നിലേക്ക് പോയ പന്തിൽ കോഹ്‌ലിയും ദിനേശ് കാർത്തിക്കും ചേർന്ന് മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. അവിടെ തുടങ്ങി പാക്ക് താരങ്ങളുടെ അടുത്ത പ്രതിഷേധം. പന്ത് വിക്കറ്റിൽ കൊണ്ടാൽ പിന്നെ ഡെഡ് ആയി കണക്കാക്കും എന്നായിരുന്നു അവർ ഒന്നടങ്കം പരാതിപ്പെട്ടത്.
അപ്പോഴും അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കി. ഐസിസി നിയമപ്രകാരം പന്ത് വിക്കറ്റ് കീപ്പറുടെയോ ബോളറുടെയോ കയ്യിൽ എത്തിയാലെ പന്ത് ഡെഡ് ബോൾ ആകുകയുള്ളുവെന്നു അമ്പയർമാർ വ്യക്തമാക്കി. ഇവിടെ പന്ത് നേരെ വിക്കറ്റിൽതട്ടി തേർഡ് മാൻ ഏരിയയിലേക്ക് പോകുകയായിരുന്നു. മത്സരശേഷം സമൂഹമാധ്യമങ്ങളിൽ പാക്ക് മുൻതാരങ്ങളും ആരാധകരും ഐസിസിക്കെതിരെയും അമ്പയർമാർക്കെതിരെയും വിമർശനശരങ്ങൾ തൊടുത്തുകൊണ്ടിരിക്കുകയാണ്. ഐസിസിയെ നിരോധിക്കണം എന്നും, ഇന്ത്യക്ക് വേണ്ടി അമ്പയർമാർ ഒത്തുകളിച്ചു എന്നുമൊക്കേയാണ് അവർ പറയുന്നത്.
ഇതിനുള്ള മറുപടി എന്നോണം ഇന്ത്യൻ ആരാധകരും സമൂഹമാധ്യമങ്ങളിൽ ഇന്നലെ മത്സരത്തിൽ ഉണ്ടായ മറ്റൊരു സംഭവവും പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി നാലാം വിക്കറ്റിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇടംകയ്യൻ ബാറ്റർ അക്സർ പട്ടേൽ മത്സരത്തിൽ റൺഔട്ട് ആകുകയായിരുന്നു ഉണ്ടായത്. അതും ഒരു വിവാദതീരുമാനം ആയിരുന്നു. സ്പിന്നർ ശധാബ് ഖാൻ എറിഞ്ഞ ഏഴാം ഓവറിന്റെ ആദ്യ പന്തിൽ ലെഗ് സൈഡിലേക്ക് കളിച്ച് സിംഗിൾ നേടി കോഹ്‌ലിക്ക് സ്ട്രൈക്ക് കൈമാറാൻ ആയിരുന്നു പട്ടേലിന്റെ ശ്രമം. ഇരു താരങ്ങളും ഓടിത്തുടങ്ങിയെങ്കിലും പന്ത് നേരെ ഫീൽഡറുടേ കൈകളിലേക്ക് പോയി എന്നുമനസ്സിലാക്കിയ കോഹ്‌ലി പട്ടേലിനെ മടക്കി അയക്കുകയായിരുന്നു.
എന്നാൽ പാക്ക് താരത്തിന്റെ ഏറ് വിക്കറ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പോകുകയായിരുന്നുവെങ്കിലും വിക്കറ്റ് കീപ്പർ റിസ്‌വാന്റെ കൈകളിൽ തട്ടി ബൈൽസ് വീണതും ഒരുമിച്ചായിരുന്നു. ആദ്യം നോക്കിയപ്പോൾ റൺഔട്ട് ചാൻസ് മിസാക്കിയ ഭാവത്തിൽ ആയിരുന്നു പാക്ക് താരങ്ങൾ എന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എങ്കിലും തീരുമാനം തേർഡ് അമ്പയറിന്റെ പരിശോധനക്ക് അമ്പയർമാർ വിടുകയും റിസ്‌വാൻ ഗ്ലൗസ് സ്റ്റമ്പിൽ തട്ടുമ്പോൾ പന്ത് വിക്കറ്റിൽ കൊണ്ടുവെന്ന് വിധിയെഴുതിയ അദ്ദേഹം ഔട്ട് വിളിച്ചു. എങ്കിലും പിന്നീട് വീഡിയോയിൽ ശ്രദ്ധിച്ച് നോക്കുമ്പോൾ റിസ്‌വാൻ ബൈൽസ് നീക്കുന്ന സമയത്ത് പന്ത് ഗ്ലവ്സിൽ എത്തിയിട്ടില്ല എന്ന് കാണാം. മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് അടക്കമുള്ളവർ ട്വിറ്റെറിൽ ഇത് സത്യത്തിൽ ഔട്ട് അല്ല എന്ന് പറയുന്നു.
റൺ ഔട്ട് വീഡിയോ :