പാകിസ്ഥാനെതിരായ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കിൽ ഏറ്റവും വിമർശനം ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക്. അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ കാർത്തികായിരുന്നു 2 പന്തിൽ 2 റൺസ് വേണമെന്നപ്പോൾ സ്‌ട്രൈകിൽ ഉണ്ടായിരുന്നത്. നവാസിന്റെ വൈഡ് ഡെലിവറി സ്വീപിന് ശ്രമിച്ച് സ്റ്റംപിങിലൂടെ പുറത്താവുകയായിരുന്നു. ഇതോടെ ലക്ഷ്യം 1 പന്തിൽ 2 റൺസ് എന്നതിലേക്ക് മാറി.
എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ അശ്വിൻ സമാന രീതിയിലുള്ള ഡെലിവറി വൈഡ് ആക്കി മാറ്റി, തൊട്ടടുത്ത ഡെലിവറി സിംഗിൾ നേടി ജയിപ്പിക്കുകയായിരുന്നു. ദിനേശ് കാർത്തിക്കിന്റെ അശ്രദ്ധമായ ബാറ്റിങ് ആരാധകരെ ചൊടിപ്പിച്ചിരുന്നുവെങ്കിലും വമ്പൻ ജയത്തിന് പിന്നാലെ വിമർശനം ഏറ്റു വാങ്ങാതെ കാർത്തിക് രക്ഷപ്പെട്ടു.
തന്നെ വിമർശനങ്ങളിൽ നിന്ന് രക്ഷിച്ച അശ്വിനോട് നന്ദി പറയാനും മറന്നില്ല. അടുത്ത മത്സരത്തിനായി ഇന്ത്യൻ ടീം അംഗങ്ങൾ സിഡ്‌നിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ ബിസിസിഐ പങ്കുവെച്ചിരുന്നു. ഈ വിഡിയോയിൽ എയർപോർട്ടിൽ വെച്ച് ചിരിയോടെ കാർത്തിക് അശ്വിനോട് നന്ദി പറയുന്നത് കാണാം.
ഇന്ത്യയുടെ അടുത്ത മത്സരം നെതർലൻഡ്സിനോടാണ്. വ്യാഴാഴ്ച സിഡ്‌നി ഗ്രൗണ്ടിൽ വെച്ച് ഇരു ടീമും ഏറ്റുമുട്ടും. പിന്നാലെ 30ന് സൗത്താഫ്രിക്കയ്ക്കെതിരെയും നവംബർ 2ന് ബംഗ്ലാദേശിന് എതിരെയുമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സിംബാബ്‌വെയ്ക്കെതിരെയാണ്. നവംബർ 6ന് മെൽബണിൽ വെച്ചാണ്.