ചരിത്രത്താളുകളിൽ രേഖപ്പെടുത്താൻ തക്കവണ്ണം അവിസ്മരണീയമായ ഒരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനായിരുന്നു കഴിഞ്ഞ ഞായറാഴ്ച 90293 കാണികൾ തിങ്ങിനിറഞ്ഞ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പതിവുപോലെ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഉണ്ടാകാറുള്ള വീറും വാശിയും ദൃശ്യമായിരുന്ന മത്സരത്തിൽ വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
അവസാന പന്തുവരെ നീണ്ട ആവേശനിമിഷങ്ങൾക്കൊടുവിൽ നാല് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയപ്പോൾ 82 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെ മികവിലായിരുന്നു 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ ജയം.
വിജയത്തിന് തൊട്ടരികിൽ വച്ചാണ് പാക്കിസ്ഥാൻ കീഴടങ്ങിയത്. ഇന്ത്യക്ക് ജയിക്കാൻ 8 പന്തിൽ നിന്നും 28 റൺസ് വേണ്ടപ്പോൾ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ കോഹ്‌ലി നേടിയ സിക്സുകൾ മത്സരത്തിൽ നിർണായകമായി. 16 റൺസ് വേണ്ട അവസാന ഓവറിൽ പന്തെറിയാൻ എത്തിയത് സ്പിന്നർ മുഹമ്മദ് നവാസ് ആയിരുന്നു. ആദ്യ പന്തിൽ തന്നെ 40 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയ അദ്ദേഹം പാക്ക് ടീമിന് വിജയപ്രതീക്ഷ നൽകി.
രണ്ടാം പന്തിൽ എത്തിയ ദിനേശ് കാർത്തിക് സിംഗിൾ ഇട്ട് കോഹ്‌ലിക്ക് സ്ട്രൈക്ക് കൈമാറുകയും മൂന്നാം പന്തിൽ കോഹ്‌ലി ഒരു ഡബിൾ ഓടുകയും ചെയ്തു. അതോടെ 3 പന്തിൽ 13 റൺസ് വിജയലക്ഷ്യം. എന്നാൽ നവാസ് എറിഞ്ഞ നാലാം പന്ത് ഒരു ഹൈ ഫുൾടോസ് ആകുകയും കോഹ്‌ലി ഡീപ് സ്ക്വയർ ലെഗിലേക്ക് സിക്സ് നേടുകയും ചെയ്തു. അമ്പയർമാർ അത് നോബോൾ വിളിക്കുകയായിരുന്നു. ഫ്രീഹിറ്റ് ബോളിൽ ആദ്യം ഒരു വൈഡ് പോവുകയും റീബോളിൽ കോഹ്‌ലി ക്ലീൻബോൾഡ് ആയെങ്കിലും അത് അസാധുവായി.
പക്ഷേ വിക്കറ്റിൽകൊണ്ട് പിറകിൽ തേർഡ്മാൻ ഏരിയയിലേക്ക് പോയ പന്തിൽ കോഹ്‌ലിയും കാർത്തികും ചേർന്ന് മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. അതോടെ രണ്ട് പന്തിൽ രണ്ട് റൺസ് വിജയലക്ഷ്യം. അഞ്ചാം പന്തിൽ സ്റ്റെപ് ഔട്ട് ചെയ്ത് ഷോട്ട് കളിക്കാൻ ശ്രമിച്ച കാർത്തിക് വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്തു പുറത്തായി. ഒരു പന്തിൽ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കെ നവാസ് വീണ്ടും ഒരിക്കൽകൂടി ഒരു വൈഡ് എറിയുകയായിരുന്നു. അതോടെ ഒരു റൺ വേണ്ട അവസാന പന്തിൽ മിഡ്ഓഫിനു മുകളിലൂടെ ഉയർത്തിയടിച്ച് അശ്വിൻ സിംഗിൾ എടുത്ത് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയാണ് ഉണ്ടായത്.
മത്സരം കഴിഞ്ഞു ഡ്രസ്സിംഗ് റൂമിൽ പാക്ക് നായകൻ ബാബർ അസം ടീം അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിരുന്നു. അതിൽ ബാബർ പറയുന്നത് നമ്മൾ മത്സരം തോറ്റത് ഒരു ടീം ആയിട്ടാണ്; ഇനി വിജയിക്കാൻ പോകുന്നതും ഒരു ടീം ആയിട്ടുതന്നെ. അതിനാൽ ഏതെങ്കിലും ഒരു താരത്തെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുന്നതിൽ അർത്ഥമില്ല. ഇത് ഒരു പ്രഹസനമായി എന്ന് വീഡിയോ കണ്ടവർക്ക് മനസ്സിലാവും, കാരണം തൊട്ടടുത്ത നിമിഷത്തിൽ മുഹമ്മദ് നവാസിനെ ചൂണ്ടികാണിച്ചു “നവാസ് ഒന്നുകൊണ്ടും പേടിക്കേണ്ട; നീ എന്റെ ടീമിലെ മാച്ച് വിന്നറാണ്” എന്ന് ബാബർ പറയുന്നു. ഈ ദൃശ്യങ്ങൾ നിമിഷനേരംകൊണ്ട് വൈറൽ ആയിമാറി.
വീഡിയോ കാണാം :