ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ ഒന്നാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കൻ ടീമിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 157 റൺസാണ് നേടിയത്. ആദ്യ മത്സരത്തിൽ ന്യൂസിലാന്റിന് എതിരെ 89 റൺസിന് ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മറിച്ച്, ശ്രീലങ്കയാകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 9 വിക്കറ്റിന് കീഴടക്കിയാണ് എത്തുന്നത്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 25 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 38 റൺസ് നേടിയ ചരിത്ത് അസലങ്കയുടെ മികവിലാണ് അവരുടെ സ്കോർ 150 കടന്നത്. 40 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കയും 26 റൺസ് നേടിയ ദനഞ്ജയ ഡി സിൽവയുമാണ് മറ്റ് ടോപ് സ്കോറർമാർ. ഓസ്ട്രേലിയക്ക് വേണ്ടി മാക്സ് വെൽ, ഹയ്‌സൽവുഡ്, കമിൻസ്, ആഗർ, സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിന്റെ ഒരു തകർപ്പൻ ബൗണ്ടറിലൈൻ സേവ് ഉണ്ടായിരുന്നു. മർകസ് സ്‌റ്റോയിനിസ് എറിഞ്ഞ പതിനൊന്നാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. ദനഞ്ജയ ഡി സിൽവ ഉയർത്തിയടിച്ച പന്ത് ലോങ് ഓഫിലേക്ക് സിക്സ് ആയെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവിടെയുണ്ടായിരുന്ന വാർണർ എല്ലാവരെയും അമ്പരപ്പിച്ചു.
അല്പം മുന്നോട്ട് കയറിനിന്നിരുന്ന അദ്ദേഹം പുറകിലേക്ക് കാണികൾക്ക് അഭിമുഖമായി ഓടിയാണ് പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. എന്നാൽ, ആ ഡൈവിങ് ശ്രമത്തിൽ ബൗണ്ടറി ലൈനിലേക്ക് താൻ വീഴും എന്ന് മനസ്സിലാക്കിയ വാർണർ പെട്ടെന്നുതന്നെ വായുവിൽ കുതിക്കുന്ന അതേ സമയംകൊണ്ട് തിരികെ ഗ്രൗണ്ടിലേക്ക് പന്ത് എറിയുകയായിരുന്നു. സിക്സ് പോകേണ്ട പന്തിൽ വെറും രണ്ട് റൺസ് മാത്രമേ ശ്രീലങ്കക്ക് ലഭിച്ചുള്ളൂ. ബോളർ സ്റ്റോയിനിസ് അടക്കമുള്ള താരങ്ങളും കാണികളും ഈ ഫീൽഡിംഗ് പ്രകടനത്തെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
വീഡിയോ കാണാം :
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അസുഖബാധിതനായ സ്പിന്നർ ആദം സാംബക്ക് പകരം ആഷ്ടൻ അഗർ ടീമിൽ ഇടംപിടിച്ചു. ശ്രീലങ്കൻ നിരയിൽ പരുക്കുമാറി സ്റ്റാർ ഓപ്പണിംഗ് ബാറ്റർ പത്തും നിസങ്കയും തിരിച്ചെത്തി. പെർത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.