രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം കൈവരിച്ച മർകസ് സ്റ്റോയിനിസിന്റെ മികവിൽ ശ്രീലങ്കക്ക് എതിരെ ഓസീസിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയൻ ടീം 16.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
വെറും 17 പന്തിൽ ആയിരുന്നു മാർക്കസിന്റെ അർദ്ധസെഞ്ചുറി. 18 പന്തിൽ നിന്നും 4 ഫോറും 6 സിക്സും അടക്കം 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന അദ്ദേഹം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. നായകൻ ആരോൺ ഫിഞ്ച് 42 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു.
മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെൽ പന്തുകൊണ്ട് പരിക്കേറ്റ് നിലത്തുവീണത് അൽപ്പനേരം പരിഭ്രാന്തി പടർത്തി. പേസർ ലഹിരു കുമാര എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ ആയിരുന്നു സംഭവം. ആദ്യ പന്തിൽ തന്നെ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഗ്ലവ്സിൽ പന്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞിരുന്നു. തുടർന്ന് മൂന്നാം പന്തിൽ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്.
വീണ്ടുമൊരു ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റിന് കുറുകെ നിന്ന് ഒരിക്കൽകൂടി സ്ക്വയറിന് പിന്നിലേക്ക് പുൾഷോട്ട് കളിക്കാൻ ശ്രമിച്ച താരത്തിന് പിഴച്ചു. ബാറ്റ് മിസ്സായ പന്ത് നേരെ വന്നിടിച്ചത് അദ്ദേഹത്തിന്റെ തൊണ്ടയുടെ ഭാഗത്തായിരുന്നു. ഉടനെ തന്നെ ബാറ്റ് വലിച്ചെറിഞ്ഞ് ഹെൽമെറ്റ് ഊരിയെടുത്ത അദ്ദേഹം ഓഫ് സൈഡിലേക്ക് കുറച്ച് ദൂരം പതിയെ ഓടുകയും പിന്നീട് മുട്ടിലിരിക്കുകയും ചെയ്തു.
ശ്രീലങ്കൻ താരങ്ങളും നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഓസ്ട്രേലിയൻ നായകൻ ഫിഞ്ചും ഓടിയെത്തി പരിശോധിക്കുകയും ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. പിന്നീട് മാക്സ് വെൽ എഴുന്നേറ്റ് നിന്നതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. എങ്കിലും തൊട്ടടുത്ത ഓവറിൽ അദ്ദേഹം പുറത്തായി. 12 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്‌സുമടക്കം 23 റൺസാണ് ഇന്ന് താരം നേടിയത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 25 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 38 റൺസ് നേടിയ ചരിത്ത് അസലങ്കയുടെ മികവിലാണ് ശ്രീലങ്കൻ സ്കോർ 150 കടന്നത്. 40 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കയും 26 റൺസ് നേടിയ ദനഞ്ജയ ഡി സിൽവയുമാണ് മറ്റ് ടോപ് സ്കോറർമാർ. ഓസ്ട്രേലിയക്ക് വേണ്ടി മാക്സ് വെൽ, ഹയ്‌സൽവുഡ്, കമിൻസ്, ആഗർ, സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.