ശ്രീലങ്കയ്ക്കെതിരായ ജയത്തോടെ ടി20 ലോകക്കപ്പിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. പെർത്തിൽ നടന്ന മത്സരത്തിൽ 158 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 21 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.
18 പന്തിൽ 6 സിക്‌സും 4 ഫോറും ഉൾപ്പെടെ 58 റൺസ് നേടിയ സ്റ്റോയ്നിസാണ് ടോപ്പ് സ്‌കോറർ. ഒരു ബൗണ്ടറി പോലും നേടാതെ പവർ പ്ലേ പിന്നിട്ട ഓസ്‌ട്രേലിയ 13 ഓവറിൽ 3ന് 97 എന്ന നിലയിലായിരുന്നു. മാക്‌സ്വെൽ പുറത്തായതിന് ആ ഓവറിൽ ക്രീസിൽ എത്തിയ സ്റ്റോയ്നിസിന്റെ അഴിഞ്ഞാട്ടമാണ് പിന്നീട് കണ്ടത്.
ഹസരങ്ക എറിഞ്ഞ 15ആം ഓവറിൽ 19 റൺസും തൊട്ടടുത്ത ഓവറിൽ തീക്ഷ്ണയ്ക്കെതിരെ 20 റൺസുമാണ് അടിച്ചു കൂട്ടിയത്. 36 പന്തിൽ 50 വേണ്ടിയിരുന്ന ഓസ്‌ട്രേലിയയെ 15 പന്തിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചു. 42 പന്തിൽ 31 റൺസ് നേടിയ ഫിഞ്ച് പുറത്താകാതെ നിന്നു.
വാർണർ (10 പന്തിൽ 11), മിച്ചൽ മാർഷ് (17 പന്തിൽ 17), മാക്സ്വെൽ (12 പന്തിൽ 23) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ട്ടമായത്. ശ്രീലങ്കൻ ബൗളിങ് നിരയിൽ 3 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ 53 റൺസ് വഴങ്ങിയ ഹസരങ്ക പാടെ നിരാശപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി നിസ്സങ്ക (40), അസലങ്ക (38) എന്നിവർ തിളങ്ങി.
വീഡിയോ കാണാം: