Categories
Latest News

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്‌!! 5 റൺസിന്റെ തകർപ്പൻ ജയം

ടി20 ലോകക്കപ്പിൽ ഇംഗ്ലണ്ടിനെ 5 റൺസിന് പരാജയപ്പെടുത്തി അയർലൻഡ്. മഴ വില്ലനായി എത്തിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിന്റെ ജയം അയർലൻഡിനെ തേടിയെത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 10 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തകർച്ചയോടെയായിരുന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പൂജ്യത്തിൽ മടക്കി. ജോഷുവ ലിറ്റ്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ മൂന്നാം ഓവറിലെ നാലാം പന്തിൽ ഹെയ്ൽസ് മടങ്ങി. 5 പന്തിൽ 7 റൺസ് നേടിയിരുന്നു. ആറാം ഓവറിലെ ആദ്യ പന്തിൽ 6 റൺസ് നേടിയ സ്റ്റോക്സും ബൗൾഡ് ആയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 3ന് 29 എന്ന നിലയിലായി ഇംഗ്ലണ്ട്. 

നാലാം വിക്കറ്റിൽ മലാനും ബ്രുകും ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 67ൽ എത്തിച്ചു. ബ്രുക്കിനെ ക്യാച്ചിൽ കുടുക്കി അയർലൻഡ് ആ കൂട്ടുകെട്ടിന് അന്ത്യം കുറിച്ചു. ഇംഗ്ലണ്ട് സ്‌കോർ 86ൽ വെച്ച് മലാനും മടങ്ങി. 14.3 ഓവറിൽ 5ന് 105 എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവെയാണ് മഴ വില്ലനായി എത്തിയത്. നേരെത്തെ മഴക്കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇനിയും കളി മുമ്പോട്ട്  കൊണ്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ചതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിന് അയർലൻഡ് ജയം നേടുകയായിരുന്നു.

നേരെത്തെ അയർലൻഡിന് വേണ്ടി ക്യാപ്റ്റൻ ബൽബിർനി 47 പന്തിൽ 62 റൺസ് നേടിയിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ ടകറും മികച്ച് നിന്നു. ഇരുവരുടെയും രണ്ടാം വിക്കറ്റിലെ 82 റൺസ് കൂട്ടുകെട്ടാണ് അയർലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡും ലിവിങ്സ്റ്റനും 3 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *