പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നെതർലൻഡിനെതിരെയും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി കെഎൽ രാഹുൽ. പാകിസ്ഥാനെതിരെ 4 റൺസ് മാത്രം നേടി പുറത്തായ രാഹുൽ വൻ വിമർശനത്തിന് ഇരയായിരുന്നു. വമ്പൻ മത്സരങ്ങളിൽ പരാജയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഇന്ന് സിഡ്‌നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ നെതർലൻഡിനെതിരെ രാഹുൽ വലിയ സ്‌കോർ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 9 റൺസിൽ പുറത്തായിരിക്കുകയാണ്. എന്നാൽ ഔട്ട് അല്ലാതിരുന്ന എൽബിഡബ്ല്യൂവിൽ അമ്പയരുടെ വിധി അനുസരിച്ച് ഗ്രൗണ്ട് വിട്ടതാണ് വിനയായത്. അമ്പയർ ഉടനെ ഔട്ട് വിളിച്ചതോടെ റിവ്യു നൽകാൻ കൂട്ടാക്കാതെ രാഹുൽ മടങ്ങുകയായിരുന്നു.
നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് റിവ്യു എടുക്കാൻ രാഹുലിനോട് പറഞ്ഞിരുന്നുവെങ്കിലും രാഹുൽ വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നാലെ ബോൾ ട്രാക്കിങ്ങിൽ പന്ത് സ്റ്റംപിൽ കൊള്ളാതെയാണ് കടന്ന് പോയതെന്ന് വ്യക്തമായത്.
അതേസമയം ഇന്ത്യൻ ഇന്നിംഗ്സ് 7 ഓവർ പിന്നിട്ടപ്പോൾ 38/1 എന്ന നിലയിലാണ് ഇന്ത്യ. രോഹിതും (20 പന്തിൽ 20) കോഹ്ലിയുമാണ് (10 പന്തിൽ 8) ക്രീസിൽ. പോൾ വൻ മീകറനാണ് രാഹുലിന്റെ വിക്കറ്റ് ലഭിച്ചത്. പാകിസ്ഥാനെതിരെ കളിച്ച അതേ ടീമുമായി തന്നെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.
വീഡിയോ കാണാം: